LiveTV

Live

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരായ നടപടി വൈകുന്നു

റിമാന്‍ഡിലായി ഒന്നര ദിവസമായിട്ടും സസ്പെന്‍ഡ് ചെയ്യാത്തത് ഉദ്യോഗസ്ഥ തല ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവുമുണ്ട്

ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരായ നടപടി വൈകുന്നു

മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചുകൊന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരായ നടപടി വൈകുന്നു. റിമാന്‍ഡിലായി ഒന്നര ദിവസമായിട്ടും സസ്പെന്‍ഡ് ചെയ്യാത്തത് ഉദ്യോഗസ്ഥ തല ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവുമുണ്ട്. എന്നാല്‍ പ്രതി ചേര്‍ക്കപ്പെട്ട് 48 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് എഫ്.ഐ. ആറിട്ട് അന്വേഷണം തുടങ്ങിയാല്‍ തന്നെ ആ വ്യക്തിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുക എന്നത് സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ പെട്ട വിഷയമാണ്. മദ്യപിച്ച് ലക്കുകെട്ട് അമിതവേഗതയില്‍ കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ടയാളാണ് സര്‍വെ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമന്‍.അറസ്റ്റിലായ ശേഷം ശനിയാഴ്ച രാത്രിയോടെ തന്നെ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടും. എന്നിട്ടും സസ്പെന്‍ഷന്‍ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. സസ്പെന്‍ഷന്‍ വൈകിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം ഇടപെട്ടുവെന്നാണ് വിവരം.

എന്നാല്‍ ഉദ്യോഗസ്ഥര്‍ പ്രതി ചേര്‍ക്കുപ്പെട്ടാല്‍ 48 മണിക്കൂറിനുള്ളില്‍ സസ്പെന്‍ഡ് ചെയ്താല്‍ മതിയെന്നും കാലതാമസമുണ്ടാകാതെ തന്നെ നടപടിയുണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.ഇന്ന് ഉച്ചയോട് കൂടി തന്നെ സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങുമെന്ന സൂചനകളുമുണ്ട്.