LiveTV

Live

Kerala

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്തു

ചികിത്സ ആവശ്യമായതിനാല്‍ തത്കാലം പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ തന്നെ തുടരും. അപകട സമയത്ത് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോർട്ട് 

 മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്തു

മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്തു. ചികിത്സ ആവശ്യമായതിനാല്‍ തത്കാലം പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ തന്നെ തുടരും. അപകട സമയത്ത് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോർട്ട്. ശ്രീറാമിന്റെയും അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന യുവതിയുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കാനുളള നടപടികള്‍ മോട്ടോർവാഹന വകുപ്പ് ആരംഭിച്ചു.

ശ്രീറാം വെങ്കിട്ടരാമന്‍ ചികിത്സയില്‍ക്കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 5, 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയതത്.

അപകടത്തില്‍ ശ്രീറാമിന് നിസാര പരിക്കുകളുണ്ട്. ഇതിന് ചികിത്സ തുടരണമെന്ന ഡോക്ടർമാരുടെ നിർദേശം കണക്കിലെടുത്ത് തത്കാലം പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ തുടരാന്‍ മജിസ്ട്രേറ്റ് അനുവാദം നല്‍കി. ശ്രീറാം ചെയ്തത് ഗുരുതര തെറ്റാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും റിമാന്‍ഡ് റിപ്പോർട്ടില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നും റിപ്പോർട്ടിലുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിനും അലക്ഷ്യമായി വാഹനമോടിച്ചതിനുമുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.

മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റം ചുമത്തി അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരെയും കേസെടുത്തിട്ടുണ്ട്. മോട്ടോർവാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത വഫയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇരുവരുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കാനുളള നടപടികള്‍ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കാറിന്‍റെ രജിസ്ട്രേഷനും റദ്ദാക്കും.

Also read: മദ്യ ലഹരിയില്‍ വാഹനമോടിച്ചു; ശ്രീറാം വെങ്കിട്ടരാമനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി

Also read: ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

Also read: ശ്രീറാം ഓടിച്ച കാർ കൂടെയുണ്ടായിരുന്ന യുവതിയുടേത്; രാത്രി വിളിച്ച് കാർ ആവശ്യപ്പെട്ടെന്ന് വഫ ഫിറോസ്