LiveTV

Live

Kerala

ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ വൈകുന്നു; ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതും വൈകും

റിമാന്‍ഡ് ചെയ്ത ശേഷവും ശ്രീറാമിനെ ഇതുവരെ സസ്പെന്‍ഡ് ചെയ്തിട്ടില്ല. എന്നാല്‍ സസ്പെന്‍ഷന്‍ ഉറപ്പാണെന്നും ഞായറാഴ്ച ആയതിനാലാണ് ഉത്തരവിറക്കാന്‍ വൈകുന്നതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ വൈകുന്നു; ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതും വൈകും

മദ്യപിച്ച് കാറ്‍ ഓടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചുകൊന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍. ഇന്നലെത്തന്നെ ശ്രീറാം റിമാന്‍ഡിലായിട്ടും സസ്പെന്‍ഡ് ചെയ്യുന്നതില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക്. എന്നാല്‍ ഇന്ന് തന്നെ സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് എഫ്.ഐ.ആറിട്ട് അന്വേഷണം തുടങ്ങിയാല്‍ തന്നെ ആ വ്യക്തിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിനാവും. സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണ് വിഷയം. മദ്യപിച്ച് ലക്കുകെട്ട് അമിതവേഗതയില്‍ കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ടയാളാണ് സര്‍വെ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമന്‍. ഇന്നലെ രാത്രിയോടെ തന്നെ റിമാന്‍ഡ് ചെയ്തു. പക്ഷെ സസ്പെന്‍ഡ് ചെയ്യാനുള്ള ഉത്തരവ് ഇനിയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറങ്ങിയിട്ടില്ല. സസ്പെന്‍ഷന്‍ ഉറപ്പാണെന്നും സമയത്തിന്റെ മാത്രം പ്രശ്നമാണെന്നും സര്‍ക്കാര്‍ വിശദീകരണം. തെറ്റ് ചെയ്തവര്‍ ആരായാലും അവരുടെ സ്ഥാനമാനങ്ങള്‍ നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കുന്നു. അന്വേഷണം പൂര്‍ത്തിയായി വിധി വരുന്നത് വരെയാകും സസ്പെന്‍ഷന്‍ കാലാവധി.

ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസൻസും ഉടന്‍ സസ്പെൻഡ് ചെയ്യാനാകില്ല. നിയമത്തിലെ പഴുതുകളാണ് കാരണം. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകാൻ ശ്രീരാമിന് രണ്ട് ആഴ്ചത്തെ സാവകാശം കിട്ടും. മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന ഡോക്ടറുടെ റിപ്പോർട്ടും രക്തസാമ്പിൾ എടുക്കാൻ വിസമ്മതിച്ചു എന്ന പോലീസ് റിപ്പോർട്ടും ഉള്ളതിനാൽ ശ്രീറാം മദ്യപിച്ചു എന്ന് വ്യക്തമാണ്.

IPC 304 (A), 299 വകുപ്പുകൾ പ്രകാരമാണ് ശ്രീറാമിനെതിരെ പൊലീസ് കേസെടുത്തത്. 90 ദിവസത്തിനുള്ളിൽ ജില്ലാ കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയ ശേഷമേ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമാകൂ. ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനെതിരെയും അനധികൃതമായി വാഹനത്തിൽ സൺ ഫിലിം ഒട്ടിച്ചതിന്കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.