LiveTV

Live

Kerala

കോട്ടയത്ത് കരുത്ത് തെളിയിക്കാനൊരുങ്ങി പി.ജെ ജോസഫ് വിഭാഗം

കൂടുതല്‍ മെമ്പര്‍മാരെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവന്ന് ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാന്‍ ജോസഫ് വിഭാഗം നീക്കങ്ങള്‍ ആരംഭിച്ചു

കോട്ടയത്ത് കരുത്ത് തെളിയിക്കാനൊരുങ്ങി പി.ജെ ജോസഫ് വിഭാഗം

കോടതി വിധി അനുകൂലമായതോടെ ജോസ് കെ. മാണി വിഭാഗത്തിന്റെ തട്ടകമായ കോട്ടയത്ത് കരുത്ത് തെളിയിക്കാനൊരുങ്ങുകയാണ് പി.ജെ ജോസഫ് വിഭാഗം. കൂടുതല്‍ മെമ്പര്‍മാരെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവന്ന് ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാന്‍ ജോസഫ് വിഭാഗം നീക്കങ്ങള്‍ ആരംഭിച്ചു. ഒപ്പം ചങ്ങനാശേരി നഗരസഭ ഭരണവും ജോസഫ് വിഭാഗം ലക്ഷ്യമിടുന്നുണ്ട്.

കോടതിയില്‍ നിന്നും ജോസ് കെ.മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത് റദ്ദാക്കിക്കൊണ്ടുള്ള വിധി വന്നതിന് പിന്നാലെയാണ് ജില്ലയില്‍ പിടിമുറുക്കാന്‍ ജോസഫ് വിഭാഗം തീരുമാനിച്ചത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള തീരുമാനം വരെ എടുത്തുകഴിഞ്ഞു. ഒപ്പം കോട്ടയം ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് ധാരണകളോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ജോസഫ് കൂടുതല്‍ മെമ്പര്‍മാരെ മറുകണ്ടം ചാടിച്ച് ഭരണം പിടിച്ചെടുക്കാന്‍ തന്നെയാണ് ശ്രമിക്കുന്നത്. അതിനോടൊപ്പം അടുത്ത ദിവസം വരാനിരിക്കുന്ന ചങ്ങനാശേരി നഗരസഭ തെരഞ്ഞെടുപ്പിലും ജോസഫ് വിഭാഗം നിര്‍ണ്ണായക നീക്കം നടത്തും.

പാലാ ഉപതെരഞ്ഞെടുപ്പിനായി നിയോജക മണ്ഡലം കമ്മിറ്റികള്‍ വിളിച്ച് ചേര്‍ക്കുന്ന നടപടികള്‍ ഇതിനോടകം ജോസഫ് വിഭാഗവും ആരംഭിച്ചിട്ടുണ്ട്. മാണിയുടെ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന നിലാപാടില്‍ ജോസ് കെ. മാണി വിഭാഗവും ഉറച്ച് നില്‍ക്കുന്നതോടെ വരും ദിവസങ്ങളില്‍ യു.ഡി.എഫിനും ഇത് തലവേദനയാകും.