LiveTV

Live

Kerala

കെ.എം ബഷീറിന് വികാരനിർഭരമായ യാത്രാമൊഴി

ബന്ധുക്കളും സുഹൃത്തുക്കളുമായ ആയിരക്കണക്കിന് പേരുടെ സാന്നിധ്യത്തിൽ വടകര ചെറുവണ്ണൂരിലെ മലയിൽ മഖാമിൽ ഖബറടക്കി

കെ.എം ബഷീറിന് വികാരനിർഭരമായ യാത്രാമൊഴി

സംസ്ഥാന സർവേ ഡയറക്ടർ ശ്രീരാം വെങ്കിട്ടരാമൻ ഐ.എ.എസ് ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന് വികാരനിർഭരമായ യാത്രാമൊഴി. ബന്ധുക്കളും സുഹൃത്തുക്കളുമായ ആയിരക്കണക്കിന് പേരുടെ സാന്നിധ്യത്തിൽ വടകര ചെറുവണ്ണൂരിലെ മലയിൽ മഖാമിൽ ഖബറടക്കി.

തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ പൊതുദർശനത്തിനു ശേഷം വൈകുന്നേരത്തോടെയാണ് കെ.എം ബഷീറിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് ജന്മനാടായ തിരൂരിലേക്ക് പുറപ്പെട്ടത്. രാത്രി പത്തേ മുക്കാലോടെ മൃതദേഹം തിരൂർ വാണിയന്നൂരിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി ആയിരക്കണക്കിന് പേരാണ് ബഷീറിന് അന്ത്യാഞ്ജലി അർപ്പിക്കാനും അവസാനമായി ഒരു നോക്ക് കാണാനും എത്തിയിരുന്നത്. വീട്ടിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിന് വെച്ച ശേഷം ജനാസ നമസ്ക്കാരവും പ്രത്യേക പ്രാർത്ഥനയും.

ശേഷം ഖബറടക്കത്തിനായി മൃതദേഹം വടകര ചെറുവണ്ണൂരിലേക്ക് കൊണ്ടുപോയി. സുബ്ഹി നമസ്കാരത്തിനുശേഷം മലയിൽ മഖാമിൽ പിതാവിന്റെ ഖബറിടത്തിനരികെയാണ് മൃതദേഹം ഖബറടക്കിയത്. നാലു മാസം മുൻപ് ഗൃഹപ്രവേശം നടത്തിയ ബഷീർ, ഒരു വയസും അഞ്ചുവയസുമുള്ള രണ്ടു പെൺകുട്ടികളെയും ഭാര്യ ജസീലയെയും തനിച്ചാക്കി, ഇനിയും പൂർത്തീകരിക്കാത്ത നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവെച്ചാണ് യാത്രയായത്.

Also read: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു