LiveTV

Live

Kerala

ആസിഡ് ആക്രമണം നടത്തിയത് മുന്‍ ഭര്‍ത്താവെന്ന് യുവതി

സുഭാഷ് വിദേശത്ത് കടന്നോയെന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.

ആസിഡ് ആക്രമണം നടത്തിയത് മുന്‍ ഭര്‍ത്താവെന്ന് യുവതി

കോഴിക്കോട് കാരശേരിയില്‍ യുവതിയെ ആസിഡ് ഒഴിച്ച ശേഷം വെട്ടി പരിക്കേല്‍പിച്ച സംഭവത്തിലെ പ്രതിയായ മുന്‍ ഭര്‍ത്താവ് സുഭാഷിനെ കണ്ടെത്താനായില്ല. ഇയാള്‍ ഗള്‍ഫിലേക്ക് തന്നെ കടന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടനില തരണം ചെയ്ത സ്വപ്നയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

അപകടനില തരണം ചെയ്ത യുവതി പൊലീസിന് നല്‍കിയ മൊഴി പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്. തന്‍റെ മുന്‍ ഭര്‍ത്താവ് സുഭാഷ് തന്‍റെ ശരീരത്തില്‍ ആസിഡ് ഒഴിച്ച ശേഷം നിരവധി തവണ വെട്ടിയെന്നാണ് യുവതിയുടെ മൊഴി. ഒന്‍‌പത് മാസം മുമ്പാണ് യുവതിയും സുഭാഷും നിയമപരമായി വേര്‍പിരിഞ്ഞത്. വിദേശത്ത് ജോലി നോക്കിയിരുന്ന സുഭാഷ് നാട്ടിലെത്തിയ വിവരം അടുത്ത ബന്ധുക്കള്‍ പോലും അറിഞ്ഞിരുന്നില്ല. യുവതിയോടുള്ള പക തീര്‍ക്കാനായി വ്യക്തമായ ആസൂത്രണത്തോടെയാണ് സുഭാഷ് നാട്ടിലെത്തിയതെന്നതിന്‍റെ തെളിവ് കൂടിയായാണ് ഇതിനെ പൊലീസ് കാണുന്നത്. ഈ സാഹചര്യത്തിലാണ് സംഭവത്തിന് ശേഷം സുഭാഷ് വിദേശത്തേക്ക് തന്നെ മടങ്ങാനുള്ള സാധ്യത കൂടി പൊലീസ് പരിശോധിക്കുന്നത്.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും സുഭാഷിനായി പലയിടങ്ങളിലും പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ശേഖരിക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. സുഭാഷിനെ കണ്ടെത്താനായി പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലറും ഉടന്‍ പുറത്തിറക്കിയേക്കും. സ്വപ്ന ഹോമിയോ ക്ലിനിക്കില്‍ നിന്നും മടങ്ങുന്ന വഴി കാട്ടില്‍ ഒളിച്ചിരുന്ന സുഭാഷ് ആദ്യം ആസിഡ് ഒഴിക്കുകയായിരുന്നു. ചെവിയിലും തോളിലും കാലിലും കൈയിലും സ്വപ്നയ്ക്കും വെട്ടേറ്റു.