LiveTV

Live

Kerala

കൂമ്പാറ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഭീതിയോടെ 25 കുടുംബങ്ങള്‍

എവിടേക്ക് പോകുമെന്നറിയാതെ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലത്ത് പകച്ച് നില്‍ക്കുകയാണ് ഒരു വര്‍ഷമാകുമ്പോഴും ഈ കുടുംബങ്ങള്‍.

 കൂമ്പാറ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഭീതിയോടെ 25 കുടുംബങ്ങള്‍

കഴിഞ്ഞ പ്രളയകാലത്ത് കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയില്‍ നാലിടത്തായാണ് ഉരുള്‍പൊട്ടിയത്. രണ്ട് പേരുടെ ജീവന്‍ നഷ്ടമായി. നാല് വീടുകള്‍ തകര്‍ന്നു. കൂമ്പാറ കല്പിനിയില്‍ 25ഓളം വീടുകളില്‍ താമസിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എവിടേക്ക് പോകുമെന്നറിയാതെ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലത്ത് പകച്ച് നില്‍ക്കുകയാണ് ഒരു വര്‍ഷമാകുമ്പോഴും ഈ കുടുംബങ്ങള്‍.

രണ്ട് പേരുടെ ജീവന് പുറമെ നാല് വീടുകള്‍ തകര്‍ന്നു. പാതി തകര്‍ന്ന വീടുകള്‍ വേറെ. പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ക്ക് പകരം സന്നദ്ധ സംഘടനകളുടെ കൂടെ സഹായത്തോടെ വീടുപണി നടക്കുകയാണ്. പക്ഷേ ഇപ്പോഴും ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ മലയ്ക്ക് താഴെ 25 കുടുംബങ്ങള്‍ താമസിക്കുന്നു. കൂമ്പാറ കല്പിനി താമസയോഗ്യമല്ലെന്ന് വില്ലേജ് ഓഫീസര്‍ ഇവര്‍ക്ക് നോട്ടീസ് നല്കിയിട്ടുണ്ട്.

പോകാനൊരിടമോ വാടക കൊടുക്കാന്‍ പണമോ ഇല്ലാത്തതിനാല്‍ കൂമ്പാറ ഹോമിയോ ഡിസ്പെന്‍സറിയില്‍ ഒരു കുടുംബം ഇപ്പോഴും താമസിക്കുന്നു. ഇവരുടെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. സ്വകാര്യ വ്യക്തി സ്ഥലം നല്‍കിയ ഇടത്ത് വീട് വെയ്ക്കാനുള്ള സഹായം നല്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂമ്പാറ കുരിശുമലയില്‍ തകര്‍ന്ന റോഡ് നേരെയാക്കി. പക്ഷേ കൂറ്റന്‍ പാറക്കല്ലുകള്‍ ഇപ്പോഴും ഭീഷണിയായി കിടക്കുന്നു. അത് നീക്കാനുള്ള നടപടികള്‍ക്കായി സര്‍ക്കാറിനെ സമീപിച്ചിരിക്കുകയാണ് പഞ്ചായത്ത്.