LiveTV

Live

Kerala

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് നടത്തിയത് വഴിവിട്ട നീക്കങ്ങള്‍

മാധ്യമപ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് പൊലീസ് നടപടികള്‍ ആരംഭിച്ചത്

 ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് നടത്തിയത് വഴിവിട്ട നീക്കങ്ങള്‍

മാധ്യമ പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ വഴിവിട്ട നീക്കങ്ങളാണ് പൊലീസ് നടത്തിയത്. തുടക്കം മുതല്‍ പ്രതിയെ രക്ഷിക്കാന്‍ നീക്കം നടത്തിയ പൊലീസ് യഥാസമയം രക്ത പരിശോധന നടത്താനും തയാറായില്ല. ശ്രീറാമിനെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ച പൊലീസ് 10 മണിക്കൂറിന് ശേഷമാണ് രക്ത സാമ്പിളെടുത്തത്. മാധ്യമപ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് പൊലീസ് നടപടികള്‍ ആരംഭിച്ചത്.

മ്യൂസിയം പൊലീസ് സ്റ്റേഷസ്ഥലത്തേക്ക് ഓടിയെത്തിയ മ്യൂസിയം പൊലീസ് ആദ്യ കാഴ്ചയില്‍ തന്നെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ വാഹനം ഓടിച്ചത് താനായിരുന്നുവെന്ന വഫ ഫിറോസ് എന്ന ശ്രീറാം വെങ്കിട്ടരാമനോടൊപ്പം ഉണ്ടായിരുന്ന യുവതിയുടെ മൊഴിയാണ് പൊലീസ് മുഖവിലയ്ക്കെടുത്തത്. എന്നിട്ടും ഇവരെ പൊലീസ് ടാക്സി വിളിച്ച് വീട്ടിലേക്ക് അയച്ചു. രാത്രിയില്‍ യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാനാവില്ലെന്നായിരുന്നു ഇതിന്‍റെ വിശദീകരണം. പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇയാല്‍ മദ്യപിച്ചിരുന്നതായി ഡോക്ടര്‍ കോള്‍ ഷീറ്റീല്‍ എഴുതി. അപ്പോഴും രക്തം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടില്ല. ശ്രീറാം ഇതിനെ എതിര്‍ത്തു എന്നാണ് പിന്നീട് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ.സഞ്ജയ് കുമാര്‍ ഗുരുദീന്‍ വിശദീകരിച്ചത്. എന്നാല്‍ വാഹനം അമിതവേഗത്തിലായിരുന്നുവെന്നും വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ ഉറച്ചു നിന്നു.

ഒടുവില്‍ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടുകൂടി ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു. വീഴ്ചകളെ കുറിച്ച് പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

Also read: ശ്രീറാം വെങ്കിട്ടരാമന്‍ പ്രതി; മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ,അലക്ഷ്യമായി വാഹനമോടിക്കല്‍ വകുപ്പുകള്‍ ചുമത്തി