LiveTV

Live

Kerala

മദ്യപിച്ച് സ്ക്കൂട്ടറോടിച്ചെന്ന കേസില്‍ കേരള പൊലീസ് കൊന്നുകളഞ്ഞ കുണ്ടറയിലെ ദലിതനായ കുഞ്ഞുമോനെ ഓര്‍മ്മയുണ്ടോ?

മദ്യപിച്ച് സ്ക്കൂട്ടറോടിച്ചെന്ന കേസില്‍ കേരള പൊലീസ് കൊന്നുകളഞ്ഞ കുണ്ടറയിലെ ദലിതനായ കുഞ്ഞുമോനെ ഓര്‍മ്മയുണ്ടോ?

ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ വന്‍ വിമര്‍ശനമാണ് കേരള പൊലീസിന് നേരെ ഉയരുന്നത്. അപകടം നടന്നയുടനെ വാഹനം ഓടിച്ച ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ വഴിവിട്ട നീക്കങ്ങളാണ് കേരള പൊലീസ് നടത്തിയതെന്ന് തെളിയിക്കുന്നതാണ് പുറത്ത് വരുന്ന വിവരങ്ങള്‍. തുടക്കം മുതല്‍ പ്രതിയെ രക്ഷിക്കാന്‍ നീക്കം നടത്തിയ പൊലീസ് യഥാസമയം പ്രതിയുടെ രക്ത പരിശോധന നടത്താനോ കൂടെയുള്ള സ്ത്രീയെ വൈദ്യപരിശോധന നടത്താനോ തയാറാവാത്തത് വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. ശ്രീറാമിനെ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് വിട്ടയച്ച പൊലീസ് മാധ്യമപ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് 10 മണിക്കൂറിന് ശേഷം രക്ത സാമ്പിളെടുക്കാന്‍ തയ്യാറായത്.

ശ്രീറാം വെങ്കിട്ടരാമന് പൊലീസ് ഇത്തരത്തില്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തി കൊടുക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മയില്‍ വരേണ്ട പേരാണ് തിരുവനന്തപുരം കുണ്ടറയിലെ കുഞ്ഞമോന്റെ പേര്. മദ്യപിച്ച് സ്‌കൂട്ടറോടിച്ചതിന് പിഴ അടയ്ക്കാത്തതിനുള്ള പെറ്റിക്കേസിന്റെ പേരിലാണ് 2016 ഒക്ടോബര്‍ 22 ശനിയാഴ്ച്ച രാത്രി 1മണിക്ക് കുഞ്ഞുമോനെ കേരള പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. വീടിനടുത്ത് തന്നെ താമസിക്കുന്ന കെ.പി.എം.എസ് പ്രവര്‍ത്തകനെയോ വക്കീലിനെയോ വിളിക്കാന്‍ പോലും അനുവദിക്കാത്ത പൊലീസ് ക്രൂരമായ മര്‍ദ്ദനത്തിനാണ് കുഞ്ഞുമോനെ ഇരയാക്കിയത്. കസ്റ്റഡിയിലെടുത്ത അടുത്ത ദിവസം തന്നെ പിഴ തുകയായ 3000 രൂപ കുഞ്ഞുമോന്റെ അമ്മ ചെല്ലമ്മ സ്റ്റേഷനിലെത്തി ഏല്‍പ്പിച്ചെങ്കെിലും വിട്ടയക്കാത്ത പൊലീസ് തിരികെ വീട്ടിലെത്തിയ ശേഷം 10 മണിയോടെ സ്റ്റേഷനിലേക്ക് വീണ്ടും വിളിപ്പിക്കുകയായിരുന്നു. കുഞ്ഞുമോന് സുഖമില്ലെന്ന് പറഞ്ഞ പൊലീസ് ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടാണ് വീട്ടിലേക്ക് വിളിച്ചത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞുമോനെ അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ പറയുകയും അവിടെ നിന്നും വീണ്ടും വിദ്ഗദ ചികിത്സ നിര്‍ദ്ദേശിച്ച് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. 2016 ഒക്ടോബര്‍ 26 ബുധനാഴ്ചയാണ് കുഞ്ഞുമോന്‍ മെഡിക്കല്‍ കോളെജില്‍ വെച്ച് മരിക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് തലക്കേറ്റ അടിയാണ് കുഞ്ഞ്മോന്റെ മരണകാരണമെന്നായിരുന്നു പിന്നീട് മൃതദേഹം പരിശോധിച്ച മെഡിക്കല്‍ കോളെജിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കുഞ്ഞുമോന്റെ മരണത്തിന് ഉത്തരവാദികളായവര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുമ്പോഴും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരോ ബന്ധപ്പെട്ടവരോ തയ്യാറായിട്ടില്ല. നാളിതുവരെ ഒരു പൊലീസ് കേസ് പോലും ഇല്ലാത്ത കുഞ്ഞുമോനെ രാത്രിയില്‍ ഭീതിപടര്‍ത്തി കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കുഞ്ഞുമോന്റെ മരണത്തില്‍ കുറ്റക്കാരായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് സമാധാനപരമായി മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തതിനും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.