LiveTV

Live

Kerala

‘രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ കോടതികള്‍ക്കും പങ്ക്’

നൗഷാദിന്റെ കൊലപാതകത്തിൽ യഥാർത്ഥ പ്രതികളെ ഉടൻ പിടികൂടണമെന്ന് എം.പി ആവശ്യപ്പെട്ടു

‘രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ കോടതികള്‍ക്കും പങ്ക്’

സംസ്‌ഥാനത്തു രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിക്കുന്നതിൽ കോടതികൾക്കും പങ്കെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എം.പി. ജയിലിൽ പ്രതികൾക്ക് സുഖ സൗകര്യമൊരുക്കുന്ന സർക്കാരിനെ പിന്തുണക്കുന്ന കോടതി വിധികൾ കൊലപാതകങ്ങൾ വർധിക്കുന്നതിന് ഇടയാക്കുകയാണ്. കോൺഗ്രസ് സംഘടിപ്പിച്ച ചാവക്കാട് പോലീസ് സ്റ്റേഷൻ മാർച്ചിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

നൗഷാദിന്റെ കൊലപാതകത്തിൽ യഥാർത്ഥ പ്രതികളെ ഉടൻ പിടികൂടണമെന്ന് എം.പി ആവശ്യപ്പെട്ടു. ആയിരത്തോളം പ്രവർത്തകരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. ഭീഷണിപ്പെടുത്തി വശത്താക്കാമെന്ന മോഹം എസ്.ഡി.പി.ഐക്ക് വേണ്ടെന്നും തിരിച്ചടിക്കേണ്ടി വന്നാൽ തിരിച്ചടിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടേണ്ടതില്ലെന്നത് പോലുള്ള കോടതി വിധികൾ കൂടുതൽ കൊലപാതകങ്ങൾക്ക് പ്രതികൾക്ക് ആത്മ വിശ്വാസം നൽകുന്നതാണെന്നും കെ സുധാകരൻ ആരോപിച്ചു.

മാർച്ച് അക്രമാസക്തമായാൽ നേരിടാനായി വൻ പോലീസ് സംഘം സ്ഥലത്തു നിലയുറപ്പിച്ചിരുന്നു. ചില പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ടു ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. പുതുതായി കേസ് അന്വേഷണ ചുമതലയേറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ചാവക്കാട് എത്തിയിട്ടുണ്ട്.