LiveTV

Live

Kerala

രാഷ്ട്രീയ കൊലപാതകങ്ങളിലെ സൂത്രധാരൻമാർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഷുഹൈബ് വധ കേസിലെ സി.ബി.ഐ അന്വേഷണം റദ്ദാക്കി കൊണ്ടുള്ള വിധിന്യായത്തിലാണ് കോടതി പരാമർശം 

 രാഷ്ട്രീയ കൊലപാതകങ്ങളിലെ സൂത്രധാരൻമാർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

രാഷ്ട്രീയ കൊലപാതകങ്ങളിലെ സൂത്രധാരൻമാരെ പിടികൂടി ഉചിതമായി ശിക്ഷിച്ചാലേ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടാകൂവെന്ന് ഹൈക്കോടതി. ഷുഹൈബ് വധക്കേസിലെ സി.ബി.ഐ അന്വേഷണം റദ്ദാക്കി കൊണ്ടുള്ള വിധിന്യായത്തിലാണ് കോടതി പരാമർശം. ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ട സിംഗിൾ ബെഞ്ചിന്റെ നടപടിയിലെ സാധുത മാത്രമാണ് പരിശോധിച്ചതെന്നും കോടതി വ്യക്തമാക്കി.

ഒരു യുവാവിന്റെ ദാരുണാന്ത്യത്തിന് കാരണമായ സംഭവങ്ങൾ കോടതിയെ അലോസരപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നുള്ള കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് പെരുകുകയാണ്. ഇത്തരം കുറ്റകൃത്യങ്ങളുടെ സൂത്രധാരന്മാർ ഇതിനായി അങ്ങേയറ്റത്തെ ക്രൂരത ഉപയോഗിക്കുന്നതിൽ നടുക്കമുണ്ടന്നും ഷുഹൈബ് കേസിലെ വിധിന്യായത്തിലൂടെ കോടതി വ്യക്തമാക്കി.

ഭരണഘടനയുടെ അനുച്ഛേദം 21 പ്രതികളുടെ അവകാശങ്ങൾ മാത്രമല്ല ഇരയുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ളതാണ്. കുറ്റകൃത്യങ്ങളിൽ പ്രതികൾക്കെതിരെ നീതിയുക്തവും പക്ഷപാത രഹിതവുമായ അന്വേഷണം നടത്താനുള്ള മനുഷ്യാവകാശം ഉറപ്പാക്കാൻ സർക്കാറിന് കടമയുണ്ട്. അന്വേഷണം നീതിയുക്തമല്ലെന്നോ പക്ഷപാതപരമെന്നോ കണ്ടാൽ ക്രിമിനൽ കോടതികളെ സമീപിച്ചോ ഉചിതമായ നിർദേശം നൽകിയോ അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്കു കൈമാറി തെറ്റു തിരുത്തണം. ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ട സിംഗിൾ ബെഞ്ചിന്റെ നടപടിയിലെ സാധുത മാത്രമാണ് ഡിവിഷൻ ബെഞ്ച് പരിശോധിച്ചത്. അന്വേഷണം, വിചാരണ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമപരമായ പരിഹാരം തേടുന്നതിനുള്ള ഹരജിക്കാരുടെ അവകാശത്തിന് ഈ വിധിന്യായം തടസമല്ലെന്നും സി.ബി.ഐ അന്വേഷണ ഉത്തരവ് റദ്ദാക്കിയുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറയുന്നു.