LiveTV

Live

Kerala

മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് പരാതിയിൽ പോലീസ് കേസെടുത്തു

മൈക്രോ ഫിനാൻസ് വായ്പ, പലിശ എന്നി ഇനത്തിൽ 2006 മുതൽ 2019 വരെയുള്ള പതിമൂന്ന് വർഷകാലയളവിൽ ഏഴു കോടി പതിമൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായി എഫ്.ഐ.ആറിൽ പറയുന്നു.

മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് പരാതിയിൽ പോലീസ് കേസെടുത്തു

മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് പരാതിയിൽ പോലീസ് കേസെടുത്തു. യൂണിയൻ പ്രസിഡൻറ് സുഭാഷ് വാസു ഉൾപ്പെടെ പത്തു പേർക്കെതിരെയാണ് മാവേലിക്കര പോലീസ് എഫ്ഐആർ രജിസ്ടർ ചെയ്തത്. ബി.ഡി.ജെ.എസിന്‍റെ സംസ്ഥാന സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു.

മൈക്ക്രോ ഫിനാൻസ് തട്ടിപ്പു പരാതിയിൽ മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയൻ പ്രസിഡന്‍റ് സുഭാഷ് വാസു ,സെക്രട്ടറി സുരേഷ് ബാബു, ഭാരവാഹികളായ ഷാജി എം. പണിക്കർ, എം. മധു, ശിവൻ എന്നീവർക്കു പുറമെ അഞ്ച് ബാങ്ക് മാനേജർമാർക്കെതിരെയുമാണ് മാവേലിക്കര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

സാമ്പത്തിക തട്ടിപ്പ്,വഞ്ചന,വ്യാജ രേഖ ചമയ്ക്കൽ, സംഘം ചേർന്നുള്ള പണാപഹരണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മൈക്രോ ഫിനാൻസ് വായ്പ, പലിശ എന്നി ഇനത്തിൽ 2006 മുതൽ 2019 വരെയുള്ള പതിമൂന്ന് വർഷകാലയളവിൽ ഏഴു കോടി പതിമൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായി എഫ്.ഐ.ആറിൽ പറയുന്നു.

കൂടാതെ നിയമനങ്ങളിലും ,സ്കൂൾ ബസുകൾ വിറ്റ ഇനത്തിലും കെട്ടിടം നവീകരണ നടത്തിയതിലുമെല്ലാം തട്ടിപ്പ് നടന്നതായി എഫ്.ഐ.ആറിലുണ്ട്. യൂണിയൻ മുൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് പരാതിക്കാർ.

അതേസമയം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും രാഷ്ട്രീയ ഗൂഡാലോചനയാണ് കേസിനു പിന്നിലെന്നും മാവേലിക്കര യൂണിയൻ സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു. മാവേലിക്ക ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.