LiveTV

Live

Kerala

വയനാട്ടില്‍ ആന പ്രതിരോധത്തിനായുള്ള കിടങ്ങുകള്‍ ശോചനീയാവസ്ഥയില്‍

വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ട്രഞ്ചുകൾ തകർത്ത് ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുകയാണ്

വയനാട്ടില്‍ ആന പ്രതിരോധത്തിനായുള്ള കിടങ്ങുകള്‍ ശോചനീയാവസ്ഥയില്‍

വയനാട്ടില്‍ ആന പ്രതിരോധത്തിനായുള്ള കിടങ്ങുകള്‍ ശോചനീയാവസ്ഥയില്‍. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ട്രഞ്ചുകൾ തകർത്ത് ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുകയാണ്. വ്യാപക കൃഷി നാശം വരുത്തി വെക്കുന്ന സാഹചര്യത്തില്‍ ഇവ നവീകരിക്കണമെന്നാണ് വനാതിര്‍ത്തിയില്‍ കഴിയുന്നവരുടെ ആവശ്യം. ആനകള്‍ കാടിറങ്ങുന്നത് തടയാനുള്ള കിടങ്ങുകളുടെ നിർമ്മാണത്തിലെ അപാകതകളാണ് ട്രഞ്ചുകൾ തകരാൻ പ്രധാന കാരണം.

തിരുനെല്ലി പഞ്ചായത്തിലെ അരീക്കര, പനവല്ലി, കാപ്പുംക്കൊല്ലി, വെള്ളഞ്ചേരി, മുള്ളൻകൊല്ലി , മുത്ത് മാരി, അമ്പലമൂല എന്നിവിടങ്ങള്‍ക്ക് ആവശ്യത്തിന് ആഴമോ, വിതീയോ ഇല്ല. അതുകൊണ്ട് തന്നെ കിടങ്ങുകൾ പലയിടങ്ങളിലും ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. ഈ വഴികളിലൂടെയാണ് കാട്ടാനകൾ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലും എത്തുന്നത്.

ആനകളെ പ്രതിരോധിക്കാനായി കിടങ്ങുകൾക്ക് വീതീ കൂട്ടുകയോ, അല്ലെങ്കിൽ ട്രഞ്ചുകൾക്ക് മുകളിലായി ഫെൻസിംഗ് സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഒരോ 200 മീറ്ററിലും ബാറ്ററികൾ സ്ഥാപിക്കുകയും ഫെൻസിംഗ് ചാർജജ് ചെയ്യുകയും വേണം.

കൃഷി നാശം സംഭവിക്കുമ്പോൾ നൽകുന്ന നഷ്ട്ടപരിഹാരത്തിന്റെ പകുതി തുക ചെലവഴിച്ച് കഴിഞ്ഞാൽ തന്നെ ട്രഞ്ചുകൾ നവീകരിക്കാനും, ഫെൻസിംഗ് സ്ഥാപിക്കാനും കഴിയുമെന്ന് കർഷകർ പറയുന്നു. എന്നാല്‍ പ്ളാ മൂലയിലെ വനം വകുപ്പ് ജീവനക്കാരുടെ ക്വർട്ടേഴ്സുകൾക്ക് സമീപത്ത് നിർമ്മിച്ചിട്ടുള്ള ട്രഞ്ചുകൾക്ക് ആവശ്യത്തിന് വീതീയുണ്ട്. ഇവിടെ ഫെൻസിംഗും സ്ഥാപിച്ചിട്ടുണ്ട്.

അതിനാൽ തന്നെ ഇതു വഴി ആനകൾ ഇറങ്ങാറുമില്ല. ട്രഞ്ചുകളുടെ നവീകരണം ഉറപ്പ് വരുത്തി വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം