LiveTV

Live

Kerala

എറണാകുളത്തെ ലാത്തിചാര്‍ജ്: സി.പി.ഐ കമ്മീഷനെ നിയോഗിച്ചു 

കെ.പി രാജേന്ദ്രന്‍, പി.പി സുനീര്‍, വി ചാമുണ്ണി എന്നിവരടങ്ങുന്ന കമ്മീഷനാണ് കാര്യങ്ങള്‍ പരിശോധിക്കുന്നത്.

എറണാകുളത്തെ ലാത്തിചാര്‍ജ്: സി.പി.ഐ കമ്മീഷനെ നിയോഗിച്ചു 

എറണാകുളത്ത് സി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചു. കെ.പി രാജേന്ദ്രന്‍, പി.പി സുനീര്‍, വി ചാമുണ്ണി എന്നിവരടങ്ങുന്ന കമ്മീഷനാണ് കാര്യങ്ങള്‍ പരിശോധിക്കുന്നത്. ഡി.ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് മാറ്റാനിടയായ സാഹചര്യവും കാനത്തിന്‍റെ പ്രസ്താവനയില്‍ വീഴ്ച പറ്റിയുണ്ടോയെന്ന കാര്യവും കമ്മീഷന്‍ പരിശോധിക്കും. അതിനിടെ സി.പി.എം - സി.പി.ഐ തര്‍ക്കം പരിഹരിക്കാന്‍ നേതാക്കള്‍ വൈകിട്ട് എ.കെ.ജി സെന്‍ററില്‍ ചര്‍ച്ച നടത്തി.

എറണാകുളത്ത് സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സി.പി.ഐ എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. യോഗത്തിന്‍റെ ആരംഭത്തില്‍ നടന്ന റിപ്പോര്‍ട്ടിങ്ങില്‍ കാനം രാജേന്ദ്രന്‍ ലാത്തിചാര്‍ജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങളും തന്‍റെ പ്രതികരണങ്ങള്‍ വൈകിയെന്ന വിമര്‍ശനത്തിനും വിശദീകരണം നല്‍കി. ബാങ്കുകളുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ പങ്കെടുത്ത് പുറത്തിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞാണ് താന്‍ കാര്യങ്ങള്‍ അറിയുന്നത്. വിഷയം അറിയാത്തത് കൊണ്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് പറഞ്ഞ് തിരിച്ച് ഓഫീസില്‍ എത്തിയപ്പോള്‍ പ്രതികരിക്കാതെ കാനം എന്ന വാര്‍ത്തകളാണ് കണ്ടത്.

അപ്പോള്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ എം.എന്‍ സ്മാരകത്തില്‍ ഉണ്ടായിരുന്നു. ഉടനെ തന്നെ മന്ത്രി ഇ ചന്ദ്രശേഖരനോട് മുഖ്യമന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടു. അതിന് പിന്നാലെ മുഖ്യമന്ത്രിയുമായി താന്‍ ഫോണില്‍ സംസാരിച്ചു. അതിന്‍റെ അടിസ്ഥാനത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ മാര്‍ച്ചുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗകമ്മീഷനെ നിയോഗിക്കാമെന്ന അഭിപ്രായം യോഗം അംഗീകരിച്ചു.

ഞാറയ്ക്കല്‍ സി.ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ നല്‍കിയ അനുമതി അട്ടിമറിച്ച് ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതും കാനത്തിന്‍റെ പ്രസ്താവന വൈകിയത് അടക്കമുള്ള കാര്യങ്ങളും കമ്മീഷന്‍ പരിശോധിക്കും. യോഗത്തിന് പിന്നാലെ എ.കെ.ജി സെന്‍ററിലെത്തിയ കാനവും ഇ ചന്ദ്രശേഖരനും മുഖ്യമന്ത്രിയും കോടിയേരിയുമായി എറണാകുളം കളക്ടറുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ വിശദീകരിച്ചതായാണ് സൂചന.