സി.ഒ.ടി നസീര്‍ വധശ്രമക്കേസ്; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്
സംഭവത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു
സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. സംഭവത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആദ്യം അന്വേഷിക്കുക സി.ഒ.ടി നസീര്‍ വധശ്രമക്കേസായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീറിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. മാടപ്പീടികയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് തലശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതിന് ആവശ്യമായ നടപടികളില്‍ സഹായമാവശ്യപ്പെട്ട് നസീറിന്റെ സഹോദരിമാര്‍ പ്രതിപക്ഷ നേതാവിന് നിവേദനം നല്കി. ഇതിനിടെ നസീറിനെ അക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നതായി കണ്ടെത്തിയ വാഹനം കണ്ടെത്താന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. ഒരു ആഴ്ച മുന്‍പ് വാഹനം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഉടമക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുളള വാഹനത്തിലാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു പ്രതികളുടെ മൊഴി.