LiveTV

Live

Kerala

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുളള പദ്ധതി ഇന്നു മുതൽ

സർക്കാർ ജീവനക്കാർക്ക് ട്രഷറി വഴി ശമ്പളം വിതരണം ചെയ്യാനുള്ള തീരുമാനവും ഇന്ന് പ്രാബല്യത്തിൽ വരും

 സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുളള  പദ്ധതി ഇന്നു മുതൽ

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുളള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ഇന്ന് പ്രാബല്യത്തിൽ വരും.11 ലക്ഷത്തോളം പേരാണ് പദ്ധതിയുടെ ഭാഗമാവുക. സർക്കാർ ജീവനക്കാർക്ക് ട്രഷറി വഴി ശമ്പളം വിതരണം ചെയ്യാനുള്ള തീരുമാനവും ഇന്ന് പ്രാബല്യത്തിൽ വരും.

സർക്കാർ ജീവനക്കാരും പെൻഷൻകാരുമുൾപ്പടെ 11,15,574 പേരാണ് മെഡിസെപ് ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാവുക. പ്രതിവർഷ പ്രീമിയമായ 2992 രൂപ അംഗങ്ങളിൽ നിന്ന് പ്രതിമാസം 250 രൂപ നിരക്കിൽ ഈടാക്കും. വർഷം രണ്ട് ലക്ഷം രൂപയാണ് ചികിത്സ ചെലവ് പരിധി. ഗുരുതര രോഗങ്ങൾക്ക് മൂന്ന് വർഷത്തേക്ക് 6 ലക്ഷം രൂപയുടെ പ്രത്യേക സംരക്ഷണവും പദ്ധതി ഉറപ്പാക്കുന്നു. അവയവം മാറ്റിവെക്കലിന് 5 ലക്ഷം രൂപ മുതൽ 14 ലക്ഷം രൂപ വരെ സഹായം ലഭ്യമാക്കും. അതേസമയം സ്വകാര്യ ആശുപത്രികളിൽ ഭൂരിഭാഗവും മെഡിസാപുമായി സഹകരിക്കാൻ തയ്യറാകാത്തത് പദ്ധതിയുടെ നടത്തിപ്പിൽ ആശങ്കയുയർത്തുന്നുണ്ട്. ഇൻഷുറൻസ് നിരക്കുകൾ ശാസ്ത്രീയമല്ലെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രികൾ. സർക്കാർ മേഖലയിലെ വലിയ ആശുപത്രികളായ ആര്‍.സി.സി,ശ്രീചിത്തിര ഉൾപ്പടെയുളളവയെ പദ്ധതിയുടെ ഭാഗമാക്കാൻ പറ്റാത്തതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

ഇൻഷുറൻസ് പദ്ധതിക്കെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ ഇന്ന് വഞ്ചനാദിനം ആചരിക്കുകയാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളം ട്രഷറി വഴി വിതരണം ചെയ്യാനുളള തീരുമാനവും ഇന്ന് മുതൽ നടപ്പാകും. അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരിൽ ഒന്നര ലക്ഷം പേർ മാത്രമാണ് ട്രഷറിയിൽ ശമ്പളം നിലനിർത്താൻ താൽപര്യം അറിയിച്ചത്.48 വകുപ്പുകളിൽ ഇന്ന് മുതലും ബാക്കി വകുപ്പുകളിൽ സെപ്തംബര്‍ 1 മുതല്‍ ഇത് നടപ്പാക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ട്രഷറിയിൽ പണം ഉറപ്പാക്കുക കൂടി ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ജീവനക്കാർക്ക് ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുകയോ മറ്റേതെങ്കിലും ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റുകയോ ചെയ്യാം.