LiveTV

Live

Kerala

രണ്ടരകോടി രൂപ കുടിശ്ശിക; വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെ.എസ്.ഇ.ബി, ആശങ്കയോടെ തൊഴിലാളികള്‍

കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്സിലാണ് സംഭവം

രണ്ടരകോടി രൂപ കുടിശ്ശിക; വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെ.എസ്.ഇ.ബി, ആശങ്കയോടെ തൊഴിലാളികള്‍

വലിയ തുക കുടിശ്ശിക വന്നതോടെയാണ് കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്സിലെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. കുടിശ്ശികയടക്കം രണ്ടരകോടി രൂപ സ്റ്റീല്‍ കോംപ്ലക്സ് വൈദ്യുതി വകുപ്പിന് നല്കാനുണ്ട്. സ്റ്റീല്‍ കോംപ്ലക്സിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സ്റ്റീല്‍ കോംപ്ലക്സ് എം.ഡി വ്യവസായമന്ത്രിയുമായി കൂടികാഴ്ച നടത്തു. സ്ഥിരം സ്ലാബിനത്തിലാണ് സ്റ്റീല്‍ കോംപ്ലക്സില്‍ വൈദ്യുതി ചാര്‍ജ്ജ് ഈടാക്കുന്നത്. താരിഫനുസരിച്ച് 6.52 ലക്ഷം രൂപ സ്ഥിരമായി എല്ലാ മാസവും കമ്പനി അടയ്ക്കണം. ഉപയോഗത്തിനനുസരിച്ച് മാസം തോറും എട്ട് ലക്ഷം രൂപ വരെയും.

വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും പരമാവധി ആവശ്യത്തിന്‍റെ 75 ശതമാനം തുക അടയ്ക്കണമെന്നായിരുന്നു നിയമം. 2016 ല്‍ ഉത്പാദനം നിര്‍ത്തിയിട്ടും പ്രതിമാസം 6.52 ലക്ഷം രൂപ സ്റ്റീല്‍ കോംപ്ലക്സ് അടച്ചേ മതിയാകൂ. ഉത്പാദനം നിലച്ചതിനാല്‍ മറ്റു വരുമാനമില്ലാത്തതിനെ തുടര്‍ന്നാണ് വൈദ്യുതി ബില്‍ കുടിശ്ശികയായത്. വൈദ്യുതി വിഛേദിച്ച് ഒരു മാസം പിന്നിട്ടിട്ടും പരിഹാരം കാണാനുള്ള നടപടി. താല്ക്കാലികാവശ്യത്തിനെങ്കിലും വൈദ്യുതി കണക്ഷന്‍ നല്കണമെന്നാവശ്യപ്പെട്ട് സ്റ്റീല്‍ കോംപ്ലക്സ് അധികൃതര്‍ വൈദ്യുതി വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. വ്യവസായമന്ത്രിയുമായി എം.ഡി നടത്തുന്ന കൂടികാഴ്ചയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷിക്കുകയാണ് സ്റ്റീല്‍ കോംപ്ലക്സിലെ തൊഴിലാളികള്‍.