LiveTV

Live

Kerala

യാക്കോബായ സഭയ്ക്ക് പുതിയ ട്രസ്റ്റി; തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് ഒരു വിഭാഗം

പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന സഭാ സുന്നഹദോസിൽ വോട്ടെടുപ്പിലൂടെയാണ് തീരുമാനം.

യാക്കോബായ സഭയ്ക്ക് പുതിയ ട്രസ്റ്റി; തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് ഒരു വിഭാഗം

യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന സഭാ സുനഹദോസിൽ വോട്ടെടുപ്പിലൂടെയാണ് പുതിയ മെത്രാപൊലീത്തന്‍ ട്രസ്റ്റിയെ തെരഞ്ഞെടുത്തത്. അതേസമയം സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഇത് അംഗീകരിക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

32 മെത്രാപ്പോലീത്തമാര്‍ ഉള്‍പ്പെടുന്ന സുന്നഹദോസില്‍ 19 പേര്‍ മാത്രം പങ്കെടുത്ത യോഗത്തിലാണ് പുതിയ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയെ തെരഞ്ഞെടുത്തത്. ട്രസ്റ്റി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോസഫ് മാർ ഗ്രിഗോറിയോസിന് 12 വോട്ടുകളും തോമസ് മാർ തീമോത്തിയോസിന് 4 വോട്ടുകളും എബ്രഹാം മാർ സെവേറിയോസിന് 2 വോട്ടുകളും ലഭിച്ചു. ഒരു വോട്ട് അസാധുവായി. അതേസമയം പള്ളി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ട്രസ്റ്റി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കണമെന്ന സഭാചട്ടം മറികടന്ന് നടത്തിയ തെരഞ്ഞെടുപ്പിനെ അംഗീകരിക്കാനാവില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.

ആഗസ്റ്റ് 28ന്‌ തിരഞ്ഞെടുപ്പ് നടത്താനും അതിന് മുന്നോടിയായി അസോസിയേഷൻ യോഗം വിളിക്കാനും തീരുമാനമെടുത്തതിന് പിന്നാലെ സുന്നഹദോസ് വിളിച്ച് ചേര്‍ത്ത് നടത്തിയ തെരഞ്ഞെടുപ്പിനെതിരെ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പൊലീത്ത തന്നെ രംഗത്തെത്തി. നിലവില്‍ നടന്ന തെര‍ഞ്ഞെടുപ്പിനെ അംഗീകരിക്കുന്നില്ലെന്നും ഇനി മത്സരത്തിനില്ലെന്നും തീമോത്തിയോസ് പ്രതികരിച്ചു.

യാക്കോബായ സഭയിലെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് ഒഴിവ് വന്നത്. ഇതോടെ ജോസഫ് മോർ ഗ്രിഗോറിയോസ്, തോമസ് മാർ തീമോത്തിയോസ്, എബ്രഹാം മാർ സെവേറിയോസ് എന്നിവര്‍ക്ക് പാത്രിയാര്‍ക്കീസ് ബാവ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. ഇവരെ മൂന്ന് പേരെയും ഉള്‍പ്പെടുത്തിയായിരുന്നു സുന്നഹദോസില്‍ തെരഞ്ഞെടുപ്പ് നടത്തിയത്.