LiveTV

Live

Kerala

പൊലീസുകാരന്റെ ആത്മഹത്യ; മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ

പലപ്പോഴും ജാതീയ വിവേചനം നേരിട്ടുവെന്നും അധിക ഡ്യൂട്ടി നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു

പൊലീസുകാരന്റെ ആത്മഹത്യ; മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ

പാലക്കാട് കല്ലേക്കാട് എ.ആർ ക്യാമ്പിലെ ആദിവാസിയായ പൊലീസുകാരന്റെ മരണം ഉദ്യോഗസ്ഥ പീഡനം മൂലമെന്ന് ആത്മഹത്യാ കുറിപ്പ്. പലപ്പോഴും ജാതീയ വിവേചനം നേരിട്ടുവെന്നും അധിക ഡ്യൂട്ടി നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഈ മാസം 25ന് രാത്രിയാണ് അട്ടപ്പാടി സ്വദേശിയായ കുമാറിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസില്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ സജിനി ആവശ്യപ്പെട്ടു.തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. പൊലീസ് ഇന്നലെ കണ്ടെടുത്ത ആത്മഹത്യാകുറിപ്പ് കുമാറിന്റേത് തന്നെയാണെന്നും സജിനി പറഞ്ഞു.

കുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് ക്യാമ്പിൽ ഉന്നത ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഭാര്യയും ബന്ധുക്കളും പറഞ്ഞത് ശരി വയ്ക്കുന്നതാണ് 3 പേജുള്ള കുമാറിന്റെ ആത്മഹത്യാ കുറിപ്പ്. ഒരു ഉന്നതോദ്യോഗസ്ഥനും ഒരു സിവിൽ പോലീസ് ഓഫീസറും മാനസികമായി പീഡിപ്പിച്ചുവെന്ന് കത്തിൽ പറയുന്നു . ഉന്നതോദ്യോഗസ്ഥൻ നിരന്തരം അധിക ഡ്യൂട്ടി നല്കി പീഡിപ്പിച്ചു. ആദിവാസിയായതിനാൽ പലപ്പോഴും ജാതീയമായ വിവേചനം നേരിട്ടുവെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ക്വാട്ടേഴ്സ് അനുവദിച്ചതിലും വിവേചനം കാണിച്ചു. കുമാറിന്റെ ഭാര്യയും സഹോദരനും ഇതേ കാര്യം നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനെ തുടർന്ന് സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. അന്വേഷണം നടത്തി റിപ്പോർട്ട് നല്കാനിരിക്കെയാണ് ആത്മഹത്യാ കുറിപ്പ് കണ്ടു കിട്ടുന്നത്. കേസ് അന്വേഷിക്കുന്ന ഒറ്റപ്പാലം സി.ഐ. യുടെ കൈവശമുള്ള കത്ത് ഉടനെ തന്നെ പാലക്കാട് സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. ക്ക് കൈമാറും. ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചാവും തൃശൂർ റേഞ്ച് ഡി.ഐ. ജി.ക്ക് റിപ്പോർട്ട് നല്കുക.