LiveTV

Live

Kerala

ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് തുരുമ്പെടുത്ത് നശിക്കുന്നു

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്സ് പ്രവര്‍‌ത്തിക്കുന്നത് 

 ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് തുരുമ്പെടുത്ത് നശിക്കുന്നു

കേരളത്തിൽ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഉരുക്ക് നിർമ്മാണ ശാലയായ കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് തുരുമ്പെടുത്ത് നശിക്കുന്നു. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്സ് പ്രവര്‍‌ത്തിക്കുന്നത്. 2016 മുതൽ ഉത്പാദനം നടക്കാത്ത സ്റ്റീൽ കോംപ്ലസിൽ കുടിശ്ശിക നൽകാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.

സ്റ്റീൽ കോംപ്ലക്സിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ച സാഹചര്യത്തിലാണ് സെയിൽ സംസ്ഥാന സർക്കാറുമായി കരാർ ഉണ്ടാക്കാനൊരുങ്ങിയത്. ഇതുപ്രകാരം സ്റ്റീൽ കോംപ്ലക്സിലേക്ക് സെയിൽ ബില്ലറ്റ് നൽകും. ടി.എം.ടി കമ്പിയാക്കുമ്പോൾ അതിന്റെ 30% സംസ്ഥാന സർക്കാറിന്റെ പൊതുമരാമത്ത് പണിക്കായി എടുക്കണമെന്നതായിരുന്നു വ്യവസ്ഥ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രിയും വ്യവസായ മന്ത്രിയും മാനേജുമെന്റും ചർച്ച നടത്തിയെങ്കിലും സർക്കാർ ഉത്തരവ് മാത്രം ഇറങ്ങിയിട്ടില്ല.

സെയിലിന്റെ വാര്‍ക്ക കമ്പിക്ക് മാര്‍ക്കറ്റില്ലെന്ന വാദമാണ് വ്യവസായ മന്ത്രി ഉയര്‍ത്തുന്നതെന്ന ആക്ഷേപം തൊഴിലാളി സംഘടനകള്‍ക്കുണ്ട്. സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ മുന്നോട്ട്‌ വെച്ചതും സർക്കാർ തത്വത്തിൽ അംഗീകരിച്ചതുമായ നിബന്ധന ഉത്തരവാക്കി ഇറക്കി അനിശ്ചിതത്വത്തിന്‌ പരിഹാരം കാണണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു.