LiveTV

Live

Kerala

പ്രളയം തകര്‍ത്ത നെല്ലിയാമ്പതിയില്‍ ഇപ്പോഴും റോഡ് പണി പൂര്‍ത്തിയായില്ല

ശക്തമായ മഴ ഉണ്ടായാല്‍ ചുരം ഇടിയാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു.

പ്രളയം തകര്‍ത്ത നെല്ലിയാമ്പതിയില്‍ ഇപ്പോഴും റോഡ് പണി പൂര്‍ത്തിയായില്ല

പ്രളയം പൂര്‍ണമായും ഒറ്റപെടുത്തിയ പ്രദേശമാണ് നെല്ലിയാമ്പതി. ചുരം തകര്‍ന്ന് പൂര്‍ണമായും നെല്ലിയാമ്പതി ഒറ്റപെട്ടു. ഇപ്പോഴും ചുരം പൂര്‍വ്വ സ്ഥിതിയിലായിട്ടില്ല. ഉരുള്‍പൊട്ടലില്‍ കേട് സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മാണവും പുരോഗമിക്കുകയാണ്.

നെല്ലിയാമ്പതി ചുരത്തില്‍ 45 സ്ഥലത്താണ് ഉരുള്‍പെട്ടലുണ്ടായത്. റോഡും, പാലവും ഒലിച്ച് പോയി. ആശയ വിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചു.പൂര്‍ണമായും ഒറ്റപെട്ട നെല്ലിയാമ്പതിയിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചത് ഹെലികോപ്റ്ററിലായിരുന്നു.

പ്രളയത്തിനുശേഷം ഒരു വര്‍ഷമായിട്ടും റോഡ് പണി പൂര്‍ണമായിട്ടില്ല. നെല്ലിയാമ്പതിയിലെ കാരപ്പാറ, വിക്ടോറിയ പോലുള്ള ഭാഗങ്ങളിലേക്ക് ഇപ്പോഴും ഗതാഗത സൗകര്യമായിട്ടില്ല. പ്രളയത്തില്‍ നെല്ലിയാന്പതിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.വീട് പുനര്‍ നിര്‍മ്മാണത്തിനും അറ്റകുറ്റപണിക്കും ഇപ്പോഴും എല്ലാവര്‍ക്കും പണം ലഭിച്ചിട്ടില്ല.

നെല്ലിയാമ്പതിയിലേക്ക് ബദല്‍ റോഡ് എന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല. ശക്തമായ മഴ ഉണ്ടായാല്‍ ചുരം ഇടിയാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു.