LiveTV

Live

Kerala

ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു; അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ചാവക്കാട് പുന്ന പുതുവീട്ടിൽ നൗഷാദ് ആണ് മരിച്ചത്

ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു; അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തൃശൂര്‍ ചാവക്കാട് ഇന്നലെ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൌഷാദ് മരിച്ചു. പുന്ന ബൂത്ത് പ്രസിഡന്‍റാണ് നൌഷാദ്. കൊല നടത്തിയത് എസ്.ഡി.പി.ഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേസില്‍ പ്രതികളായ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

ഇന്നലെ വൈകീട്ട് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് നൌഷാദ് മരിച്ചത്. വെട്ടേറ്റ കാവീട് സ്വദേശി ബിജീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. വിജേഷ്, നിഷാദ്, സുരേഷ് എന്നിവരാണ് വെട്ടേറ്റ് ചികിത്സയിലുളള മറ്റുള്ളവര്‍. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

മുഖംമൂടി ധരിച്ച് ഏഴ് ബൈക്കുകളിലായെത്തിയ പതിനഞ്ചംഗ സംഘമാണ് നൌഷാദ് ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എസ്.ഡി.പി.ഐയുടേത് സമാധാനം തകർക്കാനുള്ള ശ്രമമാണെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. പ്രതികളെ ഏത് വിധേനയും പിടികൂടണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. നൌഷാദിന്റെ സുഹൃത്തുക്കളും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തമ്മില്‍ നേരത്തെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.