LiveTV

Live

Kerala

വല്ലാർപാടം കണ്ടെയ്നർ ലോറി സമരം പിന്‍വലിച്ചു

സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ കലക്ടര്‍ വിളിച്ച യോഗം പരാജയപ്പെട്ടിരുന്നു.

വല്ലാർപാടം കണ്ടെയ്നർ ലോറി സമരം പിന്‍വലിച്ചു

കൊച്ചി വല്ലാർപാടത്തെ കണ്ടെയ്നർ ലോറി സമരം പിന്‍വലിച്ചു. സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ കലക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. പണം നല്‍കി ലോറികള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം ഒരുക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ കലക്ടര്‍ വിളിച്ച യോഗം പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സംയുക്ത സമരസമിതിയും പോർട്ട് അധികൃതരുമായും ജില്ലാ കളക്ടർ ഇന്ന് വീണ്ടും ചർച്ച നടത്തിയത്. വല്ലാര്‍പ്പാടം ടെര്‍മിനലിലേക്ക് എത്തുന്ന ലോറികള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കണ്ടെത്തി നല്‍കണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. പണം നൽകി ലോറികൾ പാർക്ക് ചെയ്യാൻ താൽക്കാലിക സംവിധാനം ഒരുക്കാന്‍ യോഗത്തില്‍ തീരുമാനമായി.

ജൂലൈ 25ന് അടച്ച പാർക്കിംഗ് സ്ഥലം വീണ്ടും തുറക്കും. ഉപാധികളോടെയാണ് പാര്‍ക്കിംഗ് സ്ഥലം അനുവദിച്ചത്. ഇതേ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതായി സംയുക്ത സമര സമിതി അറിയിച്ചത്.

വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലെ പാര്‍ക്കിങിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചതോടെയായിരുന്നു കഴിഞ്ഞ ശനിയാഴ്ച സമരം ആരംഭിച്ചത്. 1200 ഓളം ലോറികളെത്തുന്ന ടെര്‍മിനലില്‍ വിവിധ യാഡുകളിലായി 350 ലോറികള്‍ നിര്‍ത്തിയിടുന്നതിനുള്ള സൌകര്യം മാത്രമാണുണ്ടായിരുന്നത്. സമരം നലാം ദിവസത്തിലേക്ക് കടന്നതോടെ വലിയ തോതിലുള്ള നഷ്ടം വല്ലാര്‍പ്പാടം തുറമുഖത്തിനുണ്ടായത്. നാളെ മതുല്‍ ചരക്കു നീക്കം സാധരണ ഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.