LiveTV

Live

Kerala

കോട്ടയം ജില്ലാ പഞ്ചായത്ത് തര്‍ക്കം; ജോസഫ് വിഭാഗവുമായി യു.ഡി.എഫ് ചര്‍ച്ചക്ക്

ഉപതെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ആരംഭിക്കാനാണ് യു.ഡി.എഫ് തീരുമാനം

കോട്ടയം ജില്ലാ പഞ്ചായത്ത് തര്‍ക്കം; ജോസഫ് വിഭാഗവുമായി യു.ഡി.എഫ് ചര്‍ച്ചക്ക്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ യു.ഡി.എഫ് തീരുമാനത്തില്‍ അതൃപ്തി തുടരുന്ന പി.ജെ ജോസഫുമായി ചര്‍ച്ച നടത്താന്‍ യു.ഡി.എഫ് തീരുമാനം. ഇന്നത്തെ യോഗത്തില്‍ നിന്ന് പി.ജെ ജോസഫും സി.എഫ് തോമസും വിട്ടു നില്‍ക്കുകയും യോഗത്തില്‍ പങ്കെടുത്ത മോന്‍സ് ജോസഫ് അതൃപ്തി തുറന്നുപറയുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ആഗസ്റ്റ് 19 മുതല്‍ കുറ്റവിചാരണാ യാത്രകള്‍ നടത്താനും യു.ഡി.എഫ് തീരുമാനിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടതായിരുന്നു. എന്നാൽ പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് അഭ്യർത്ഥന പരിഗണിച്ച് ആറു മാസം വീതം പങ്കു വയ്ക്കാം എന്ന നിർദേശം ഞങ്ങൾ അംഗീകരിച്ചു. എന്നാൽ അതിൽ പോലും ആദ്യ കാലാവധി ജോസ് കെ മാണി വിഭാഗത്തിൽ നൽകിയത് ശരിയായില്ല എന്ന് മോൻസ് ജോസഫ് പറഞ്ഞു.

കെ.എം മാണിയുടെ ഒഴിവിൽ യു.ഡി.എഫ് ഏകോപന സമിതിയിലേക്ക് റോഷി അഗസ്റ്റിനെ പങ്കെടുപ്പിച്ചതിലെ അതൃപ്തിയും ജോസഫ് വിഭാഗം യോഗത്തിൽ വ്യക്തമാക്കി. തര്‍ക്കം യു.ഡി.എഫ് യോഗത്തിലെത്തിയതിലെ അതൃപ്തി വ്യക്തമാക്കിയ രമേശ് ചെന്നിത്തല ഉഭയകക്ഷി ചര്‍ച്ച നടത്താമെന്നും അറിയിച്ചു.

ഉപതെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ആരംഭിക്കാനാണ് യു.ഡി.എഫ് തീരുമാനം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 6 മണ്ഡലങ്ങൾക്കായി യു.ഡി.എഫ് പ്രത്യേകം സമിതികൾക്ക് രൂപംനൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രചരണത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 19 മുതൽ ജില്ലാ തലങ്ങളിൽ കുറ്റ വിചാരണാ യാത്രകൾ സംഘടിപ്പിക്കാനും ഇന്ന് ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചു.