LiveTV

Live

Kerala

ജോസ് കെ മാണി വിഭാഗം എം.എല്‍.എ റോഷി അഗസ്റ്റിൻ യു.ഡി.എഫ്‌ യോഗത്തിൽ; ജോസഫ് വിഭാഗത്തിന് അതൃപ്തി

പാർട്ടിയിലെ ആഭ്യന്തര തർക്കം യു.ഡി.എഫ് യോഗത്തിൽ ഉന്നയിച്ചത് നിർഭാഗ്യകരമാണെന്ന് രമേശ് ചെന്നിത്തല

ജോസ് കെ മാണി വിഭാഗം എം.എല്‍.എ റോഷി അഗസ്റ്റിൻ യു.ഡി.എഫ്‌ യോഗത്തിൽ; ജോസഫ് വിഭാഗത്തിന് അതൃപ്തി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ജോസ് കെ മാണി വിഭാഗത്തിന് നൽകിയതിലെ അതൃപ്തി യു.ഡി.എഫ് യോഗത്തിൽ തുറന്നു പ്രകടിപ്പിച്ച് ജോസഫ് വിഭാഗം. യു.ഡി.എഫ് കീഴ്‌വഴക്കങ്ങൾ ലംഘിച്ചെന്ന് പറഞ്ഞ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ എം.എൽ.എയെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുപ്പിച്ചതിലെ വിയോജിപ്പും പ്രകടമാക്കി. പാർട്ടിയിലെ ആഭ്യന്തര തർക്കം യു.ഡി.എഫ് യോഗത്തിൽ ഉന്നയിച്ചത് നിർഭാഗ്യകരമാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

പി.ജെ ജോസഫും സി.എഫ് തോമസും വിട്ടുനിന്ന യു.ഡി.എഫ് യോഗത്തിൽ മോൻസ് ജോസഫാണ് അതൃപ്തി അറിയിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടതായിരുന്നു. എന്നാൽ യു.ഡി.എഫ് അഭ്യർത്ഥന പരിഗണിച്ച് ആറ് മാസം വീതം പങ്കുവെയ്ക്കാം എന്ന നിർദേശം തങ്ങൾ അംഗീകരിച്ചു. എന്നാൽ അതിൽ പോലും ആദ്യ കാലാവധി ജോസ് കെ മാണി വിഭാഗത്തിൽ നൽകിയത് ശരിയായില്ല എന്ന് മോൻസ് ജോസഫ് പറഞ്ഞു.

എന്നാൽ പാർട്ടിയിലെ ആഭ്യന്തര ധാരണ പ്രകാരം മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് പ്രസിഡന്റ് സ്ഥാനം എന്ന് ജോസ് കെ മാണി വിഭാഗത്തെ പ്രതിനിധീകരിച്ചെത്തിയ റോഷി അഗസ്റ്റിൻ മറുപടി പറഞ്ഞു. കെ.എം മാണിയുടെ ഒഴിവിൽ യു.ഡി.എഫ് ഏകോപന സമിതിയിലേക്ക് റോഷി അഗസ്റ്റിനെ പങ്കെടുപ്പിച്ചതിലെ അതൃപ്തിയും ജോസഫ് വിഭാഗം യോഗത്തിൽ വ്യക്തമാക്കി.

സർക്കാരിനെതിരായ സമര പരിപാടികൾ ചർച്ച ചെയ്യാൻ ചേർന്ന യു.ഡി.എഫ് യോഗത്തിൽ കേരള കോൺഗ്രസിലെ ആഭ്യന്തര തർക്കം ചർച്ചാവിഷയമായതിൽ രമേശ് ചെന്നിത്തലയും മറ്റ് നേതാക്കളും അതൃപ്തി പങ്കുവെച്ചു. കേരള കോൺഗ്രസിലെ ആഭ്യന്തര തർക്കം യു.ഡി.എഫിന് തുടർന്നും തലവേദനയാകും എന്ന സൂചനയാണ് ഇന്ന് നടന്ന യു.ഡി.എഫ് യോഗം നൽകിയത്.