LiveTV

Live

Kerala

ലണ്ടനില്‍ നിന്നും ജനീവയിലേക്ക് സൈക്കിളില്‍ ഒരു മലയാളി ഡോക്ടര്‍

നാഡീ തകരാറ് മൂലം ഉണ്ടാകുന്ന പേശീ ബലക്ഷയം, മറവിരോഗം എന്നീ മാരകരോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ലണ്ടനില്‍ നിന്നും ജനീവയിലേക്ക് സൈക്കിള്‍ യജ്ഞവുമായി മലയാളി ന്യൂറോളജിസ്റ്റ്

ലണ്ടനില്‍ നിന്നും ജനീവയിലേക്ക് സൈക്കിളില്‍ ഒരു മലയാളി ഡോക്ടര്‍

മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന രോഗത്തിന്‍റെ ബോധവത്‍കരണവുമായി ഒരു മലയാളി ഡോക്ടര്‍. ജെമീന്‍ ശ്രീധരന്‍ എന്ന ലണ്ടനിലെ മലയാളി ഡോക്ടര്‍ ആണ് നാഡീ തകരാറ് മൂലം ഉണ്ടാകുന്ന പേശീ ബലക്ഷയം, മറവിരോഗം എന്നീ മാരക രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ സൈക്കിള്‍ യാത്ര നടത്തുന്നത്.

ലണ്ടനില്‍ നിന്നും സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലേക്ക് നടത്തുന്ന ഈ യാത്ര തുടങ്ങിയത് ഈ മാസം 24 നാണ്. കിംഗ്സ് കോളേജിലെയും ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെയും മൂന്ന് ഗവേഷകർക്കൊപ്പമാണ് യാത്ര. ലണ്ടനിൽ നിന്ന് തുടങ്ങിയ യാത്ര ആഗസ്റ്റ്‌ ഒന്നിന് ജനീവയിൽ സമാപിക്കും. ലണ്ടനിൽ നിന്ന് ഫ്രാൻസിൽ എത്തി, പാരീസും ആൽപ്‌സ് പർവത നിരകളും കടന്ന് എട്ട് ദിവസം കൊണ്ട് 1,067 കിലോമീറ്ററാണ് യാത്രയിൽ പിന്നിടുക.

ലണ്ടനില്‍ നിന്നും ജനീവയിലേക്ക് സൈക്കിളില്‍ ഒരു മലയാളി ഡോക്ടര്‍

ലണ്ടൻ കിംഗ്സ് കോളേജിൽ നിന്ന് മെ‌‌ഡിസിനിൽ ബിരുദവും ന്യൂറോളജിയിൽ സ്പെഷ്യലൈസേഷനും നേടിയിട്ടുണ്ട് ജെമീന്‍. ന്യൂറോൺ ഡിസീസിന്‍റെ ജനിതക സവിശേഷതയെപ്പറ്റി അവിടെ തന്നെ പിഎച്ച്.ഡിയും ചെയ്തു. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് യൂണിവേഴ്സിറ്റിയിൽ എം.എൻ.ഡി, മറവിരോഗം എന്നിവയിൽ ഉപരിപഠനവും കേംബ്രി‌ഡ്‌ജിലെ ബാബ്രഹാം ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണവും നടത്തിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് കിംഗ്സ് കോളേജിൽ സ്വന്തമായി ലാബ് സ്ഥാപിച്ച്, അവിടെ മനുഷ്യരുടെയും മൃഗങ്ങളുടെയും മൂല കോശ (stem cell) മോഡൽ ഉപയോഗിച്ച് രോഗ ഗവേഷണം നടത്തുകയാണ് ഇപ്പോള്‍ ജെമീന്‍. നിലവിൽ ചികിത്സ ഇല്ലാത്ത മോട്ടോർ ന്യൂറോൺ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്താനുള്ള ഗവേഷണമാണിത്.

ലണ്ടൻ കിംഗ്സ് കോളേജ് ഹോസ്‌പിറ്റലിൽ കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റും നാഡീശാസ്‌ത്ര ഗവേഷകനുമാണ് ഇപ്പോള്‍ അദ്ദേഹം. വർക്കല സ്വദേശിയാണ് ജെമീൻ ശ്രീധരൻ. വർക്കല അയിരൂർ സംഗമത്തിൽ പരേതനായ ശ്രീധരന്റെയും ബേബി ശ്രീധരന്റെയും മകനാണ് നാല്‍പത്തിരണ്ടുകാരനായ ജെമീന്‍ ശ്രീധരന്‍. ലണ്ടനിലാണ് ജനിച്ചു വളർന്നത്.