LiveTV

Live

Kerala

മലപ്പുറത്ത്  മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഓഫീസര്‍ക്ക് വെടിയേറ്റു

എക്സൈസ് നിലമ്പൂർ റെയ്ഞ്ച് ഓഫീസർ മനോജിനാണ് വെടിയേറ്റത്. മയക്കുമരുന്ന് കേസിലെ പ്രതി ജോര്‍ജ് കുട്ടിയാണ് വെടിയുതിര്‍ത്തത്.

മലപ്പുറത്ത്  മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഓഫീസര്‍ക്ക് വെടിയേറ്റു

മലപ്പുറം വാണിയമ്പലത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർക്ക് വെടിയേറ്റു. കാലിൽ വെടിയേറ്റ നിലമ്പൂർ എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ജോർജുകുട്ടിയെയും സഹായികളെയും എക്സൈസ് സംഘം സാഹസികമായി പിടികൂടി.

പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. ഒരു മാസം മുൻപ് തിരുവനന്തപുരത്ത് 20 കിലോ ഹാഷിഷ് ഓയിൽ കടത്തുന്നതിനിടെയാണ് കോട്ടയം സ്വദേശി ജോർജ് കുട്ടി പിടിയിലാകുന്നത്. ബാംഗ്ലൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഒരു മാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എക്സൈസ് സംഘം നിരീക്ഷിച്ചു വരുന്നതിനിടെ മലപ്പുറത്തുള്ള ഭാര്യാവീട്ടിൽ ഇദ്ദേഹം എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സ്ക്വാഡ് വീട് വളഞ്ഞത്. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി 4 റൗണ്ട് വെടിയുതിർക്കുകയായിരുന്നു.

പ്രതിയിൽ നിന്ന് പിസ്റ്റളും തിരകളും കണ്ടെടുത്തു. കാലിന് വെടിയേറ്റ മനോജ് കുമാറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇദ്ദേഹത്തിന്റെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്നും എക്സൈസ് സംഘത്തിലുള്ള എല്ലാവർക്കും പാരിതോഷികം നൽകുമെന്നും എക്സൈസ് മന്ത്രി പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.