LiveTV

Live

Kerala

വല്ലാർപാടത്തെ കണ്ടെയ്നർ ലോറി സമരം നാലാം ദിവസത്തില്‍

സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ കളക്ടര്‍ വിളിച്ച യോഗം പരാജയപ്പെട്ടിരുന്നു.

വല്ലാർപാടത്തെ കണ്ടെയ്നർ ലോറി സമരം നാലാം ദിവസത്തില്‍

കൊച്ചി വല്ലാർപാടത്തെ കണ്ടെയ്നർ ലോറികളുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ കളക്ടര്‍ വിളിച്ച യോഗം പരാജയപ്പെട്ടിരുന്നു. അതേസമയം സംയുക്ത സമര സമിതിയും പോർട്ട് അധികൃതരുമായും ജില്ലാ കളക്ടർ ഇന്ന് വീണ്ടും ചർച്ച നടത്തും. ഇന്ന് മുതല്‍ റിലേ നിരാഹാര സമരം ആരംഭിക്കാനാണ് സമര സമിതിയുടെ തീരുമാനം.

വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലെ പാര്‍ക്കിങിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചതോടെയായിരുന്നു ശനിയാഴ്ചയാണ് ലോറി ഉടമകളും തൊഴിലാളികളും സമരം ആരംഭിച്ചത്. സമരം ഒത്തുതീർപ്പാക്കാൻ പോ‍ർട്ട്, മോട്ടോർ വാഹന വകുപ്പ്, സംയുക്ത സമര സമിതി എന്നിവരുടെ പ്രതിനിധികളുമായി ജില്ലാ കളക്ടർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ടെർമിനലിനകത്ത് താത്കാലികമായി പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് സമരം തുടരാന്‍ സംയുക്ത സമര സമിതി തീരുമാനിച്ചത്.

സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി ഇന്ന് വീണ്ടും കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. 1200 ഓളം ലോറികളാണ് നിലവില്‍ ഒരു ദിവസം ടെര്‍മിനലിലെത്തുന്നത്. എന്നാല്‍ വിവിധ യാഡുകളിലായി 350 ലോറികള്‍ നിര്‍ത്തിയിടുന്നതിനുള്ള സൌകര്യം മാത്രമാണുള്ളത്. സമരത്തെ തുടർന്ന് വലിയ തോതിലുള്ള നഷ്ടമാണ് ഓരോ ദിവസവും വല്ലാപ്പാടം തുറമുഖത്തിനുണ്ടാകുന്നത്. ചരക്ക് നീക്കത്തെയും സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.