LiveTV

Live

Kerala

ഡി.എന്‍.എ പരിശോധന: ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കി

രണ്ടാഴ്ചക്കുള്ളില്‍ ഡി.എന്‍.എ പരിശോധനാഫലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഡി.എന്‍.എ പരിശോധന: ബിനോയ് കോടിയേരി  രക്തസാമ്പിള്‍ നല്‍കി

ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡനക്കേസിൽ ഡി.എൻ.എ പരിശോധനക്കായി ബിനോയ് കോടിയേരി രക്തസാമ്പിളുകൾ നൽകി. മുംബൈ ജെ.ജെ ആശുപത്രിയിലാണ് രക്ത സാമ്പിളുകൾ നൽകിയത്. പരിശോധന ഫലം പുറത്ത് വരുന്നതോടെ തൻറെ നിരപരാധിത്വം തെളിയുമെന്ന് ബിനോയ് പറഞ്ഞു.

ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡനക്കേസിൽ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാകാൻ ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം ബിനോയ് കോടിയേരിക്ക് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് മുംബൈ ബെക്കുളയിലെ ജെ.ജെ ആശുപത്രിയിലെത്തി ബിനോയ് പരിശോധനയ്ക്കായി രക്ത സാമ്പിളുകൾ നൽകിയത്. നേരത്തെ ജുഹുവിലെ ആർ.എൻ കൂപ്പർ ജനറൽ ആശുപത്രിയിലെത്താനായിരുന്നു ബിനോയിക്ക് കിട്ടിയ നിർദേശമെങ്കിലും പിന്നീട് പരിശോധന ജെ.ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രക്ത സാമ്പിൾ ഡി.എൻ.എ പരിശോധനയ്ക്കായി കലാനയിലെ ഫോറൻസിക് ലാബിന് കൈമാറും. രണ്ടാഴ്ചക്കുളളിൽ ഫലം മുദ്രവെച്ച കവറിൽ സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം. അതേസമയം കേസിൽ താൻ നിരപരാധിയാണെന്ന വാദം ബിനോയ് ആവർത്തിച്ചു.

കഴിഞ്ഞ മാസമാണ് ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ മുംബൈ ഓഷിവാര പേലീസ് ബിനോയ് കോടിയേരിക്കെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ കുട്ടിയുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. കേസിൽ പിന്നീട് ദിൻഡോഷി സെഷൻസ് കോടതി ബിനോയിക്ക് ജാമ്യം അനുവദിച്ചു.