LiveTV

Live

Kerala

വല്ലാര്‍പാടത്തെ കണ്ടെയ്നര്‍ ലോറി സമരം തുടരുമെന്ന് സമര സമിതി

സമരം നീണ്ടതോടെ ടെര്‍മിനലില്‍ നിന്നുള്ള ചരക്കു നീക്കം പൂര്‍ണമായും നിലച്ചു

വല്ലാര്‍പാടത്തെ കണ്ടെയ്നര്‍ ലോറി സമരം തുടരുമെന്ന് സമര സമിതി

കൊച്ചി വല്ലാര്‍പാടത്തെ കണ്ടെയ്നര്‍ ലോറി സമരം തുടരുമെന്ന് സംയുതക്ത സമര സമിതി. തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കുന്നതിന് ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. അതേ സമയം സമരസമിതി അധികൃതര്‍ ഇന്ന് വൈകീട്ട് ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തും.

കണ്ടെയ്നര്‍ ലോറി സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെയാണ് തുടര്‍ സമര പരിപാടികള്‍ ആലോചിക്കുന്നതിന് സമരസമിതി യോഗം ചേര്‍ന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലെ പാര്‍ക്കിങിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചതോടെയായിരുന്നു സമരം ആരംഭിച്ചത്.

സമരം നീണ്ടതോടെ ടെര്‍മിനലില്‍ നിന്നുള്ള ചരക്കുനീക്കം പൂര്‍ണമായും നിലച്ചു. ഈ സാഹചര്യത്തില്‍ ഇന്ന് തന്നെ ജില്ലാ കളക്ടറുമായി പ്രശ്ന പരിഹാരത്തിന് ചര്‍ച്ച നടത്താമെന്ന് ടെര്‍മിനല്‍ അധികൃതര്‍ സമര സമിതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് വൈകീട്ട് കലക്ടറുടെ ചേംബറില്‍ യോഗം ചേരുന്നത്.

മറ്റൊരു സ്ഥലം പാര്‍ക്കിങിനായി അനുവദിച്ചു നല്‍കുന്നത് വരെ കണ്ടെയ്നര്‍ റോഡിലെ പാര്‍ക്കിങിനെതിരെ പൊലീസ് നടപടി അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യം സമരക്കാര്‍ കലക്ടറെ അറിയിക്കും.

നിലവില്‍ ഒരു ദിവസം 1200 ഓളം വാഹനങ്ങള്‍ കണ്ടെയ്നര്‍ ടെര്‍മിനലില്‍ എത്തുന്നുണ്ട്. എന്നാല്‍ വല്ലാര്‍പാടത്തും പരിസരത്തുമായി 350 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൌകര്യം മാത്രമേയുള്ളൂ. കണ്ടെയ്നര്‍ റോഡിലെ പാര്‍ക്കിങ് നിരോധിച്ചതോടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാവതെ പ്രതിസന്ധിയിലാണെന്നാണ് ജീവനക്കാരും ഉടമകളും പറയുന്നത്. പ്രശ്നത്തിന് പരിഹാരം കാണായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ചരക്കു നീക്കം കൂടുതല്‍ ദുസ്സഹമാകും.