LiveTV

Live

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ ആത്മഹത്യ; ക്രെെംബ്രാഞ്ച് അന്വേഷിക്കും

പോലിസ് അതിക്രമം ഫേസ് ബുക്കിൽ വെളിപെടുത്തിയ ശേഷമായിരുന്നു ആത്മഹത്യ.

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ ആത്മഹത്യ; ക്രെെംബ്രാഞ്ച് അന്വേഷിക്കും

കോട്ടയം മേലുകാവിൽ പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് പിന്നീട് ആത്മഹത്യ ചെയ്ത സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. എ.ഡി.ജി.പി ഇന്റലിജൻസ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിർദേശം.

ഒരു വാഹന ഇടപാടുമായി ബന്ധപ്പെട്ട പരാതി നൽകാനായിരുന്നു രാജേഷ് മേലുകാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ രാജേഷിനെ എസ്ഐ സന്ദീപും സംഘവും തടഞ്ഞുവെച്ച് മർദിച്ചുവെന്നാണ് പരാതി. പിന്നീട് ഇയാളെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മാല മോഷണ കേസിൽ പ്രതിയാക്കുകയുമായിരുന്നുവെന്നുമാണ് ആരോപണം. ഇതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു.

പോലിസ് അതിക്രമം ഫേസ് ബുക്കിൽ വെളിപെടുത്തിയ ശേഷമായിരുന്നു ആത്മഹത്യ. മാർച്ച് ആറിനാണ് യുവാവ് ആത്മഹത്യ ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും പൊലീസ് അതിക്രമത്തെ കുറിച്ച് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് യുവാവിന്റെ പിതാവ് രാജു നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിൽ വെച്ചെന്ന ആരോപണം പ്രഥമദൃഷ്ട്യ വിശ്വാസയോഗ്യമാണെന്നും വിശദമായ അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം നടത്തി എത്രയും വേഗം കുറ്റപത്രം സമർപിക്കാനാണ് കോടതി നിർദേശം.