LiveTV

Live

Kerala

പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; ജീവനക്കാരനെ കെട്ടിയിട്ട് നാലുകിലോ സ്വര്‍ണ്ണവും പതിമൂന്ന് ലക്ഷവും കവർന്നു

പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; ജീവനക്കാരനെ കെട്ടിയിട്ട് നാലുകിലോ സ്വര്‍ണ്ണവും പതിമൂന്ന് ലക്ഷവും കവർന്നു

പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് നാലുകിലോ സ്വര്‍ണ്ണവും പതിമൂന്ന് ലക്ഷം രൂപയും കവർന്നു. ജ്വല്ലറി ജീവനക്കാരനടക്കമുള്ള അഞ്ചംഗസംഘമാണ് കവർച്ച നടത്തിയത്. ജ്വല്ലറി ജീവനക്കാരന്‍ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീൽ പൊലീസ് പിടിയിലായി. മറ്റുള്ള വർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

പത്തനംത്തിട്ട മുത്താരമ്മന്‍ കോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന കൃഷ്ണ ജ്വല്ലേഴ്സില്‍ ഞായറാഴ്ച്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു മോഷണം. ഒരാഴ്ച്ച മുന്‍പ് ജ്വല്ലറിയില്‍ ജോലിക്ക് എത്തിയ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീലിന്റെ നേതൃത്ത്വത്തില്‍ ആയിരുന്നു കവര്‍ച്ച. മുഖ്യ പ്രതിയായ അക്ഷയ് പാട്ടീൽ നാലംഗ സംഘം തന്നെ തട്ടി കൊണ്ടുപോയി ആക്രമിക്കുകയും കോഴഞ്ചേരിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയുമായായിരുന്നുവെന്ന് പറഞ്ഞാണ് പൊലീസിൽ കീഴടങ്ങിയത്. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ജ്വല്ലറി ജീവനക്കാരനായ സന്തോഷിനെ ആക്രമിച്ച ശേഷം കെട്ടിയിട്ടാണ് മോഷണ സംഘം കവർച്ച നടത്തിയത്.

സ്വർണ്ണം ബാഗിലാക്കിയ ശേഷം അക്ഷയ് പാട്ടീലും സംഘവും ഓട്ടോറിക്ഷയില്‍ ബസ് സ്റ്റാന്റിനു സമീപം എത്തി. തുടര്‍ന്ന് അവിടെ കാത്ത് കിടന്ന സ്കോര്‍പ്പിയോ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ഓട്ടോ ഡ്രെവറും പൊലിസിന് മൊഴി നൽകി.