LiveTV

Live

Kerala

ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്.

ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ഉത്തരവ്. തനിക്കെതിരെ ഉണ്ടായത് അഴിമതിക്കാരുടെ പകപോക്കലാണെന്ന് ജേക്കബ് തോമസ് പറഞ്ഞു.

സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷമായി മുന്‍ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയ സര്‍ക്കാര്‍ നടപടി ന്യായീകരിക്കാനാവാത്താണെന്ന് വ്യക്തമാക്കി കൊണ്ടാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്. ജേക്കബ് തോമസിനെ സര്‍വ്വീസിലേക്ക് തിരിച്ചെടുക്കണമെന്ന് നിര്‍ദ്ദേശിച്ച ട്രിബ്യൂണല്‍ തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ നിര്‍ണായക ഉത്തരവ്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണ് എന്നതടക്കമുള്ള ജേക്കബ് തോമസിന്റെ വാദങ്ങളെല്ലാം ട്രിബ്യൂണല്‍ ശരിവച്ചു.

Also read: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ആർ.എസ്.എസ് വേദിയിൽ

Also read: ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

രണ്ട് വര്‍ഷം മുമ്പ് ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ പിണറായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന സര്‍വ്വിസ് സ്‌റ്റോറിയിലെ പരാമര്‍ശങ്ങളും വിവാദമായിരുന്നു.

ജേക്കബ് തോമസിന്റെ പ്രതികരണം

തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. 2017 ഡിസംബര്‍ മുതല്‍ അച്ചടക്ക ലംഘനത്തിന് സംസ്‌പെന്‍ഷനിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സര്‍വീസില്‍ നിന്നും സ്വയം വിരമിക്കാന്‍ ജേക്കബ് തോമസ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ചട്ടങ്ങള്‍ പാലിച്ചല്ല അപേക്ഷ നല്‍കിയതെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ തള്ളുകയായിരുന്നു.

2014 ല്‍ തുറമുഖ ഡ്രര്‍ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് 2018 ല്‍ മാത്രമാണ് ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിച്ചതെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി. ഇത് ചില പ്രത്യേക താല്‍പര്യത്തിന് വേണ്ടിയുള്ള കേസണെന്ന ജേക്കബ് തോമസിന്റെ വാദം ട്രിബ്യൂണല്‍ അംഗീകരിച്ചു. ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഡ്രെഡ്ജര്‍ വാങ്ങിയ ഇടപാടില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് കാണിച്ച് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് നടക്കുന്നതിനിടെയാണ് സര്‍വീസില്‍ തിരിച്ചെടുക്കാത്തത് നിയമവിരുദ്ധമാണെന്ന് കാണിച്ച് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ ജേക്കബ് തോമസ് സമീപിച്ചത്.