LiveTV

Live

Kerala

അമ്പൂരി കൊലപാതകം: തെളിവെടുപ്പിനെത്തിച്ച അഖിലിനു നേരെ നാട്ടുകാരുടെ പ്രതിഷേധം 

നാട്ടുകാരില്‍ ചിലര്‍ അഖിലിന് നേരെ കല്ലെറിയുകയും ഡി.വൈ.എസ്.പി അടങ്ങുന്ന പൊലീസ് സംഘത്തെ തടയുകയും ചെയ്തു.

അമ്പൂരി കൊലപാതകം: തെളിവെടുപ്പിനെത്തിച്ച അഖിലിനു നേരെ നാട്ടുകാരുടെ പ്രതിഷേധം 

അമ്പൂരി കൊലപാതക കേസിലെ മുഖ്യപ്രതി അഖിലിനെ രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ സ്ഥലത്ത് എത്തിച്ചു. വന്‍ പൊലീസ് സന്നാഹത്തോടെയാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചത്. പ്രതിയെ തടഞ്ഞ നാട്ടുകാര്‍ പ്രതിക്കെതിരെ കല്ലെറിയുകയും ചെയ്തു. സംഘര്‍ഷാവസ്ഥ പരിഗണിച്ച് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി പൊലാസ് പ്രതിയുമായി മടങ്ങി.

Also read: അമ്പൂരി കൊലപാതകം: മുഖ്യപ്രതി അഖില്‍ കുറ്റം സമ്മതിച്ചു 

Also read: അമ്പൂരി കേരളത്തോട് പറയുന്നതെന്ത് ?

രണ്ടും മൂന്നും പ്രതികളെ നേരത്തെ തന്നെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് അഖിലിനെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ കൂവിവിളിച്ചുകൊണ്ടാണ് അഖിലിനെ സ്വീകരിച്ചത്. നാട്ടുകാരില്‍ ചിലര്‍ അഖിലിന് നേരെ കല്ലെറിയുകയും ഡി.വൈ.എസ്.പി അടങ്ങുന്ന പൊലീസ് സംഘത്തെ തടയുകയും ചെയ്തു. അഖിലിന്റെ മാതാപിതാക്കളെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

പിന്നീട് കോടതിയില്‍ ഹാജരാക്കുന്ന പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. കേസിലെ രണ്ടാംപ്രതി രാഹുല്‍ ആര്‍ നായരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രി കീഴടങ്ങിയ ഒന്നാം പ്രതി അഖില്‍ ആര്‍ നായരുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയെന്ന് പ്രതി സമ്മതിച്ചു. എറണാകുളത്ത് വച്ച് രാഖി മോളെ വിവാഹം ചെയ്തിരുന്നതായും പ്രതി മൊഴി നല്‍കി. മറ്റൊരു പെണ്‍കുട്ടിയുമായി ഉറപ്പിച്ച വിവാഹം മുടങ്ങുമെന്ന ഭയത്താലാണ് രാഖിയെ കൊലപ്പെടുത്തിയത്.

രണ്ടാം പ്രതിയും സഹോദരനുമായ രാഹുല്‍, മൂന്നാം പ്രതി ആദര്‍ശ് എന്നിവരുമായി ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയെന്നും പ്രതി മൊഴിയില്‍ വ്യക്തമാക്കുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പ്രതിയെ അമ്പൂരി തട്ടാമുക്കിലെത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. രാഖിയുടെ മൊബൈല്‍ അടക്കമുള്ള തെളിവുകള്‍ കണ്ടെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കുന്ന പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രണ്ടാം പ്രതി രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കുറ്റകൃത്യത്തില്‍ അഖിലിന്റെ അച്ഛന്‍ അടക്കമുള്ളവര്‍ക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ആദര്‍ശ് പിടിയിലായപ്പോള്‍ കൊലപാതകം സംബന്ധിച്ച് അഖില്‍ അച്ഛനോട് പറഞ്ഞായും സൂചനയുണ്ട്. അതേസമയം രാഖിയുടെ അച്ഛന്‍ രാജന്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ഇക്കാര്യങ്ങളും പരിശോധിക്കും.