LiveTV

Live

Kerala

മഴക്കാലത്തും കുടിവെള്ളം കിട്ടാകനിയായി ഒരു കൂട്ടം കുടുംബങ്ങള്‍

ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള സ്കൂള്‍ കിണറിനെയാണ് ഇവര്‍ ഇപ്പോഴും ആശ്രയിക്കുന്നത്.

മഴക്കാലത്തും കുടിവെള്ളം കിട്ടാകനിയായി ഒരു കൂട്ടം കുടുംബങ്ങള്‍

മഴക്കാലത്തും കുടിവെള്ളത്തിനായി ഒരു കിലോമീറ്റര്‍ താണ്ടുകയാണ് വയനാട്ടിലെ ഒരു ആദിവാസി കോളനിയിലെ കുടുംബങ്ങള്‍. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലുള്ള വരട്ടിയാല്‍ പണിയ കോളനിയിലെ 26 കുടുംബങ്ങളാണ് അധികൃതരുടെ അനാസ്ഥയുടെ ഇരകളായ് കഴിയുന്നത്.

കുപ്പാടിത്തറ വരട്ടിയാല്‍ പണിയ കോളനിയില്‍ വേനലിലും വര്‍ഷകാലത്തും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് 26 ആദിവാസി കുടുംബങ്ങള്‍. ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള സ്കൂള്‍ കിണറിനെയാണ് ഇവര്‍ ഇപ്പോഴും ആശ്രയിക്കുന്നത്.

കോളനിയില്‍ രണ്ട് കിണറുകളുണ്ടെങ്കിലും ഇപ്പോഴും ഇവ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ശുദ്ധമായ മഴവെള്ളം ശേഖരിക്കാവുന്ന തരത്തില്‍ കിണര്‍ ശുചീകരിച്ച് കൊടുക്കാന്‍ പോലും പഞ്ചായത്തും ട്രൈബല്‍ വകുപ്പും സന്നദ്ധമായിട്ടില്ല. അധികാരികള്‍ തങ്ങളെ നിരന്തരമായി അവഗണിക്കുകയാണെന്നാണ് കോളനിവാസികള്‍ പറയുന്നത്.

കോളനിയില്‍ കുടിവെള്ളമെത്തിക്കാനായി ഒരുവര്‍ഷം മുമ്പ് പഞ്ചായത്ത് സ്ഥാപിച്ച ഭീമന്‍ വാട്ടര്‍ ടാങ്കും നോക്കുകുത്തിയായി മാറിയിരിക്കുകയാണിന്ന്. 5000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിനു മുന്നിലൂടെ രാവിലെയും വൈകിട്ടും കുടിവെള്ള ക്കുടങ്ങളും തലയിലേറ്റി സഞ്ചരിക്കുകയാണ് കോളനിയിലെ സ്ത്രീകള്‍.