LiveTV

Live

Kerala

വന്യമൃഗ ശല്യം രൂക്ഷം; ഫോറസ്റ്റ് ഓഫീസിലേക്ക് പ്രദേശവാസികളുടെ മാര്‍ച്ച്

അടുത്തിടെ സ്ഥിരമായി ഇറങ്ങുന്ന കാട്ടുകൊമ്പൻ കൃഷി നാശത്തിന് പുറമെ മനുഷ്യ ജീവനുകൂടി ഭീഷണിയായ സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്.

വന്യമൃഗ ശല്യം രൂക്ഷം; ഫോറസ്റ്റ് ഓഫീസിലേക്ക് പ്രദേശവാസികളുടെ മാര്‍ച്ച്

വയനാട് ചെതലയത്ത് വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനെതിരെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് പ്രദേശവാസികളുടെ പ്രതിഷേധ മാര്‍ച്ച്. കുറിച്യാട് റെയിഞ്ച് ഓഫീസിലേക്ക് നടന്ന മാർച്ചിൽ കർഷകരുടെ പ്രതിഷേധമിരമ്പി.

ചെതലയം പ്രദേശത്ത് അടുത്തിടെ സ്ഥിരമായി ഇറങ്ങുന്ന കാട്ടുകൊമ്പൻ കൃഷി നാശത്തിന് പുറമെ മനുഷ്യ ജീവനുകൂടി ഭീഷണിയായ സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി റെയ്ഞ്ച് ഓഫീസിലെത്തിയത്. ചെതലയം, ചേനാട് പ്രദേശങ്ങളിലെ ജന പ്രതിനിധികളുടെ നേതൃത്വത്തിലാണ് കുറിച്യാട് റെയ്ഞ്ച് ഫീസിലേക്ക് പ്രദേശവാസികൾ മാർച്ച് നടത്തിയത്.

തങ്ങളുടെ കൃഷി നശിപ്പിക്കുന്ന കൊമ്പനെ പിടികൂടുക, ആർ.ആർ.ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, കൃഷിനാശത്തിനുള്ള നഷ്ടപരിഹാരതുക ഉടൻ നൽകുക, വനാതിർത്തികളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്.

റെയിഞ്ച് ഓഫീസിനുമുന്നിൽ പ്രതിഷേധ പരിപാടി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വന്യമൃഗ ശല്യത്താൽ ദുരിതമനുഭവിക്കുന്ന വയനാട്ടുകാരെ പുച്ഛിക്കുന്ന നിലപാടാണ് വനംവകുപ്പ് മന്ത്രി സ്വീകരിക്കുന്നതെന്നും മന്ത്രി രാജിവെക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

ആറാം മൈലിൽ നിന്നുമാരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. പ്രതിഷേധ മാർച്ചിന് സമീപപ്രദേശത്തെ കൗൺസിലർമാർ നേതൃത്വം നൽകി.