LiveTV

Live

Kerala

കട്ടച്ചിറ പള്ളിയിൽ സംഘർഷാവസ്ഥ തുടരുന്നു

സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്‌.

കട്ടച്ചിറ പള്ളിയിൽ സംഘർഷാവസ്ഥ തുടരുന്നു

ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രവേശനാനുമതി ലഭിച്ച കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ സംഘർഷാവസ്ഥ തുടരുന്നു. ഇടവക പള്ളി വികാരി പള്ളിയിൽ സ്ഥിരമായി താമസിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം സംഘടിച്ചതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പ്രതിഷേധിക്കാനെത്തിയവര്‍ പ്രാര്‍ഥനയുമായി പള്ളിക്ക് സമീപം തമ്പടിച്ചു.

അധികാര തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചു മാസമായി അടച്ചിട്ടിരുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ ഉച്ചയോടെയാണ് ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചത്. യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പള്ളി പരിസരത്ത് സംഘർഷവും ഉടലെടുത്തു. എന്നാല്‍ പൊലീസ് സംരക്ഷണയിൽ പള്ളിയിൽ പ്രവേശിച്ച ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥന ശുശ്രൂഷകള്‍ നിര്‍വഹിച്ചു. ശവസംസ്കാര ചടങ്ങും നടന്നു.

15 ദിവസം പള്ളിയില്‍ താമസിക്കാനാണ് ഓർത്തഡോക്സ് വിഭാഗം വികാരിയുടെ തീരുമാനം. ഇതിനെതിരെയാണ് ഇപ്പോള്‍ യാക്കോബായ വിഭാഗം പ്രതിഷേധിക്കുന്നത്. എന്നാല്‍ ഇടവക വികാരിക്ക് പള്ളിയില്‍ താമസിക്കാന്‍ നിയമ തടസങ്ങളില്ലെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ വാദം.

സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്‌. 20 വര്‍ഷമായി യാക്കോബായ വിഭാഗത്തിന്റെ കൈവശമായിരുന്ന പള്ളി സുപ്രിംകോടതി വിധിയെത്തുടര്‍ന്നാണ് മറുപക്ഷത്തിന് ലഭിച്ചത്.