LiveTV

Live

Kerala

ആദിവാസികളുടെ ശ്മശാനം കയ്യേറി വില്‍പ്പന നടത്തിയതായി പരാതി

മാമണ ശ്മശാനത്തിനു സമീപത്തുള്ള സ്ഥലം ഉടമ ആധാരത്തില്‍ തിരുത്തല്‍ വരുത്തിയാണ് സ്ഥലം കൈമാറിയത് എന്ന് ആദിവാസികള്‍ മുഖ്യമന്ത്രിക്കും റവന്യൂ അധികൃർക്കും നൽകിയ പരാതിയിൽ പറയുന്നു

ആദിവാസികളുടെ ശ്മശാനം കയ്യേറി വില്‍പ്പന നടത്തിയതായി പരാതി

അട്ടപ്പാടിയില്‍ ആദിവാസികളുടെ ശ്മശാനം കയ്യേറി വില്‍പ്പന നടത്തിയതായി പരാതി. മാമണ ശ്മശാനത്തിനു സമീപത്തുള്ള സ്ഥലം ഉടമ ആധാരത്തില്‍ തിരുത്തല്‍ വരുത്തിയാണ് സ്ഥലം കൈമാറിയത് എന്ന് ആദിവാസികള്‍ മുഖ്യമന്ത്രിക്കും റവന്യൂ അധികൃർക്കും നൽകിയ പരാതിയിൽ പറയുന്നു. മാമണ,ദോണിഗുണ്ട്,ദൈവഗുണ്ട് എന്നീ ആദിവാസി ഊരുകളുടെ പൊതു ശ്മശാനം സ്വകാര്യ വ്യക്തി കയ്യേറി വിറ്റെന്നാണ് പരാതി. ചെറിയ റോഡും ,റോഡിന് ഇരുവശത്തായും ശ്മശാനവുമാണ് ഉള്ളത്. സ്വകാര്യ വ്യക്തിയുടെ ആധാരത്തിലും മറ്റ് രേഖകളിലും തെക്ക് ഭാഗത്തെ അതിര്‍ത്തി ശ്മശാന വക ഭൂമി എന്ന് രേഖപെടുത്തിയിട്ടുണ്ട്.

എന്നാല്‍ റോഡിന്‍റെ ഇടതുഭാഗത്തുള്ള ശ്മശാനത്തിന്‍റെ സ്ഥലം ഉള്‍പെടെയാണ് വില്‍പ്പന നടത്തിയത്. പുതിയ ആധാരത്തില്‍ തെക്ക് ഭാഗത്ത് റോഡ് എന്നാണ് രേഖപെടുത്തിയിരിക്കുന്നത്. ഇതോടെയാണ് തങ്ങളുടെ ശ്മശാനത്തിന്‍റെ ഒരു ഭാഗം കൈയേറിയതായി ആദിവാസികള്‍ അറിയുന്നത്. ശ്മശാനം കയ്യേറി ഭൂമി വില്‍പ്പന നടത്തിയതായി കാണിച്ച് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കലക്ടര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ആദിവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ തന്‍റെ സ്ഥലം മാത്രമാണ് വില്‍പ്പന നടത്തിയതെന്നും നേരത്തെയുള്ള ആധാരത്തില്‍ അതിര്‍ത്തി സംബന്ധിച്ച തെറ്റായ വിവരങ്ങൾ തിരുത്തുക മാത്രമാണ് ഉണ്ടായതെന്നും സ്ഥലം വില്‍പ്പന നടത്തിയ ഡൊമനിക് എം. കുര്യന്‍റെ അഭിപ്രായം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഒറ്റപ്പാലം സബ്കലക്ടര്‍ ജെറോമിക് ജോര്ജ്ജ് മീഡിയവണിനോട് പറഞ്ഞു.