LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളജിലെ 11 അധ്യാപകരെ സ്ഥലം മാറ്റി

കോളജില്‍ സംഘർഷമുണ്ടായ സമയത്ത് പ്രിൻസിപ്പൽ ചുമതല വഹിച്ചിരുന്ന കെ.വിശ്വംഭരൻ അടക്കം പതിനൊന്ന് പേർക്ക് കൂട്ട സ്ഥലം മാറ്റം നൽകിയാണ് അധ്യാപകർക്കെതിരെ നടപടിയെടുത്തത്.

യൂണിവേഴ്സിറ്റി കോളജിലെ 11 അധ്യാപകരെ സ്ഥലം മാറ്റി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അധ്യാപകർക്കെതിരെ നടപടി.കോളജില്‍ സംഘർഷമുണ്ടായ സമയത്തെ പ്രിൻസിപ്പല്‍ ഇൻ ചാർജ് അടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്. 11 അധ്യാപകരെയാണ് വിവിധ കോളജുകളിലേക്ക് സ്ഥലം മാറ്റി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

കോളജില്‍ സംഘർഷമുണ്ടായ സമയത്ത് പ്രിൻസിപ്പൽ ചുമതല വഹിച്ചിരുന്ന കെ.വിശ്വംഭരൻ അടക്കം പതിനൊന്ന് പേർക്ക് കൂട്ട സ്ഥലം മാറ്റം നൽകിയാണ് അധ്യാപകർക്കെതിരെ നടപടിയെടുത്തത്. ഉത്തരക്കടലാസുകളുടെ ചുമതലയുണ്ടായിരുന്ന പ്രൊഫ. ഇ അബ്ദുൾ ലത്തീഫും യൂണിയൻ ഉപദേശകനായിരുന്ന വി.എസ് വിനീതും നടപടി നേരിട്ടിട്ടുണ്ട്. സി.പി.എം അനുകൂല അധ്യാപക സംഘടനയായ എ.കെ.ജി.സി.ടിയുടെ കോളജിലെ ഫ്രാക്ഷൻ ചുമതലയുള്ള ആനന്ദ് ബി ദിലീപ് രാജിനെയും കോളജിൽ നിന്നും മാറ്റി.

വധശ്രമത്തിനും ഉത്തരക്കടലാസ് ചോർച്ചക്കും പിന്നാലെ യൂണിവേഴ്സിറ്റി കോളജിലെ അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്ത പറഞ്ഞിരുന്നു. നടപടി വൈകുന്നുവെന്ന ആക്ഷേപത്തിനിടെയാണ് കോളജ് വിദ്യാഭ്യാസ വകുപ്പ് കൂട്ടസ്ഥലം മാറ്റ ഉത്തരവിറക്കിയത്. കോളജിലെ കത്തിക്കുത്തിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് അനധ്യാപകരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.