LiveTV

Live

Kerala

യു.എൻ.എ സാമ്പത്തിക ക്രമക്കേട് കേസ്; പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വൈരുദ്ധ്യങ്ങൾ 

സംഘടനയുടെ സംസ്ഥാന ട്രഷററുടെ മൊഴിക്കും ബാങ്ക് രേഖകൾക്കും വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണ റിപ്പോർട്ടിലുളളത്.

യു.എൻ.എ സാമ്പത്തിക ക്രമക്കേട് കേസ്; പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വൈരുദ്ധ്യങ്ങൾ 

യു.എൻ.എ(യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍) സാമ്പത്തിക ക്രമക്കേട് കേസിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വൈരുദ്ധ്യങ്ങൾ. സംഘടനയുടെ സംസ്ഥാന ട്രഷററുടെ മൊഴിക്കും ബാങ്ക് രേഖകൾക്കും വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണ റിപ്പോർട്ടിലുളളത്. അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് പുതിയ തെളിവുകൾ. മൊഴിയുടെയും റിപ്പോർട്ടിന്റെയും പകർപ്പുകൾ മീഡിയവണിന് ലഭിച്ചു.

യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പ് കേസ് ആദ്യം അന്വേഷിച്ചത് തൃശൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി, കെ.എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുളള സംഘമാണ്. ഈ അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

വിവിധ ജില്ലകളിൽ നിന്ന് ലഭിച്ച അംഗത്വ ഫീസിന്റെ കണക്കുകൾ മൊഴിയിലുണ്ട്. തിരുവനന്തപുരം ജില്ല കമ്മറ്റി പണം നൽകിയെന്ന് മൊഴിയിലില്ല. എന്നാൽ റിപ്പോർട്ടിൽ കാണിച്ചിട്ടുളളത് ഒരു ലക്ഷം രൂപ അംഗത്വ ഫീസ് നൽകിയെന്നാണ്. ആകെ തുകയിൽ മാറ്റം വരാതിരിക്കാനായി പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ല കമ്മിറ്റികള്‍ നൽകിയ തുകയിൽ നിന്ന് ഒരു ലക്ഷം രൂപ കുറച്ച് കാണിക്കുകയും ചെയ്തു.

എറണാകുളത്ത് നടന്ന യു.എൻ.എയുടെ സംസ്ഥാന സമ്മേളന നടത്തിപ്പിനായി ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് 70661 നമ്പർ ചെക്കിൽ 17 ലക്ഷം രൂപ നൽകിയെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. എന്നാൽ ബാങ്ക് രേഖകൾ പ്രകാരം കൈമാറിയ തുകയാവട്ടെ ഒരു ലക്ഷം രൂപ മാത്രം. ഇത്തരത്തിൽ പ്രതികൾക്ക് അനുകൂലമായ മൊഴി തിരുത്തിയെന്നാണ് അന്വേഷണ റിപ്പോർട്ടിനെതിരെ ഉയർന്നിരിക്കുന്ന പ്രധാന ആരോപണം.