LiveTV

Live

Kerala

അഖിലിന്റെ കൂടെ ജീവിക്കാനായില്ലെങ്കില്‍ കൊലപ്പെടുത്തിക്കൊള്ളാന്‍ അമ്പൂരിയിലെ യുവതി പറഞ്ഞെന്ന് പ്രതി 

പിന്മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് അഖിലും സഹോദരന്‍ രാഹുലും പറഞ്ഞപ്പോള്‍, ഒന്നുകില്‍ ഒപ്പം ജീവിക്കുക അല്ലെങ്കില്‍ കൊന്നുകളഞ്ഞേക്കുക എന്നായിരുന്നു യുവതിയുടെ മറുപടി

അഖിലിന്റെ കൂടെ ജീവിക്കാനായില്ലെങ്കില്‍ കൊലപ്പെടുത്തിക്കൊള്ളാന്‍ അമ്പൂരിയിലെ യുവതി പറഞ്ഞെന്ന് പ്രതി 

പ്രതി അഖിലിന്‍റെ കൂടെ ജീവിക്കാന്‍ അമ്പൂരിയിലെ യുവതി അവസാന നിമിഷം വരെയും പോരാടിയെന്നാണ് പ്രതിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്. പിന്മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് അഖിലും സഹോദരന്‍ രാഹുലും പറഞ്ഞപ്പോള്‍, ഒന്നുകില്‍ ഒപ്പം ജീവിക്കുക അല്ലെങ്കില്‍ കൊന്നുകളഞ്ഞേക്കുക എന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ പ്രകോപിതനായ താന്‍ മുന്‍സീറ്റിലിരുന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പിടിയിലായ രാഹുല്‍ മൊഴി നല്‍കിയിരിക്കുന്നത്.

''അവള്‍ കുടുംബം തകര്‍ക്കാന്‍ വന്നതാണ്. ഒരാളെയും സമാധാനമായി ജീവിക്കാന്‍ അവള്‍ അനുവദിക്കില്ല. ഫോണില്‍ വിളിച്ച് അവളോട് പിന്മാറാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അവള്‍ക്ക് ജീവിക്കാന്‍ വേണ്ടിയല്ല. ഉള്ളില്‍ പക മാത്രമാണുള്ളത്'' -ഇങ്ങനെ പോകുന്നു പ്രതി രാഹുലിന്‍റെ മൊഴി.

കൈകള്‍ കൊണ്ട് കഴുത്ത് ഞെരിച്ച് മരിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിലെ വാഴയ്ക്ക് താങ്ങുകൊടുക്കാന്‍ വെച്ച കയറെടുത്ത് മുറുക്കിയെന്ന് രാഹുല്‍ പറഞ്ഞു. യുവതി വാഹനത്തില്‍ കയറുമ്പോള്‍ താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. പിന്മാറില്ല എന്ന് മനസ്സിലായതോടെ നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം അഖില്‍ ഡ്രൈവിംഗ് സീറ്റിലേക്ക് വരികയും താന്‍ പിറകില്‍ ഇടതുഭാഗത്തേക്ക് കയറി ഇരിക്കുകയും ചെയ്തു.

കൊലപ്പെടുത്തുമെന്ന് മൂന്നാംപ്രതിയായ ആദര്‍ശിന് അറിയില്ലായിരുന്നു. വിരട്ടി പിന്മാറ്റാമെന്നാണ് ആദര്‍ശിനോട് പറഞ്ഞിരുന്നത്. എന്നാല്‍ കൊലപ്പെടുത്തിയതോടെ ആദര്‍ശ് ഒപ്പം നിന്നെന്നും രാഹുല്‍ മൊഴി നല്‍കി.

തിരുവനന്തപുരം പൂവാറിൽ നിന്നും ഒരു മാസം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. യുവതിയുടെ സുഹൃത്തും സൈനികനുമായ അഖിലിന്‍റെ വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയായ അഖിലിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയും മുഖ്യപ്രതി അഖിലിന്റെ സഹോദരനുമാണ് ഇപ്പോള്‍ അറസ്റ്റിലായ രാഹുല്‍. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. നേരത്തെ അഖിലിന്റെ സുഹൃത്തായ മൂന്നാം പ്രതി ആദര്‍ശ് അറസ്റ്റിലായിരുന്നു.