LiveTV

Live

Kerala

റേഡിയേഷന്‍ ഭീതി; മൊബൈല്‍ ടവറിനെതിരെ എസ്.എഫ്.ഐ രംഗത്ത്

റേഡിയേഷന്‍ ഭീതി; മൊബൈല്‍ ടവറിനെതിരെ എസ്.എഫ്.ഐ രംഗത്ത്

റേഡിയേഷന്‍ ഭീതി ചൂണ്ടിക്കാട്ടി മൊബൈല്‍ ടവറിനെതിരെ എസ്.എഫ്.ഐ രംഗത്ത്. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ എന്‍ജിനിയറിങ് കോളേജിന് സമീപത്തെ മൊബൈല്‍ ടവറിനെതിരെയാണ് കോളെജിലെ എസ്.എഫ്.ഐ യൂണിറ്റ് രംഗത്തുവന്നത്. കോളെജ് ക്യാമ്പസിന് സമീപത്തെ ഭാരതി എയർടെൽ നെറ്റ്‌വർക്കിന്റെ ടവർ അതി തീവ്ര റേഡിയേഷന്‍ പുറത്തുവിടുന്നതാണെന്നും ഇത് ക്യാമ്പസിനെ മൊത്തം നശിപ്പിയ്ക്കാൻ പ്രാപ്തിയുണ്ടെന്നും എസ്.എഫ്.ഐ കോളെജ് യൂണിറ്റ് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. ഇത്തരത്തിൽ ടവർ പ്രവർത്തനം ആരംഭിച്ചാൽ 2000-ൽ അധികം വിദ്യാർത്ഥികളെയും അധ്യാപകരെയും ജീവ-ജന്തുജാലകങ്ങളേയും ആരോഗ്യപരമായി മോശമായ രീതിയിൽ ബാധിക്കുമെന്നും വിദ്യാർത്ഥികളുടെ സംരക്ഷണം പ്രിൻസിപ്പാളിന്റെയും കോളേജിന്റെയും കടമയായിരിക്കവെ വിദഗ്ത സമിതിയെ നിയമിച്ച് ശാസ്ത്രീയ വശങ്ങൾ പഠിച്ച് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എസ്.എഫ്.ഐ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ക്ലാസുകള്‍ അടച്ചുള്ള പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

എസ്.എഫ്.ഐയുടെ ഫേസ്ബുക്ക് കുറിപ്പ്

വിദ്യാർത്ഥികൾ പരിശീലന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നമ്മുടെ ക്യാമ്പസിന്റെ ക്രിക്കറ്റ് നെറ്റ്സിന് സമീപമായി ഭാരതി എയർടെൽ നെറ്റ്‌വർക്കിന്റെ ഒരു ടവർ കഴിഞ്ഞ ദിവസം ശ്രദ്ധയിൽ പെട്ടിരുന്നു. ടെലികോം ഡിപ്പാർട്ട്മെന്റിന്റെ സർവെയിൽ ഏറ്റവും അധികം റേഡിയേഷൻ പുറപ്പെടുവിക്കുന്ന നെറ്റ് വർക്ക് എന്ന് പേര് കേട്ട ഭാരതീയ എയർടെൽ നെറ്റ് വർക്ക് SCT യുടെ മണ്ണിൽ സ്ഥാപിക്കുന്നത് വളരെയധികം ഭീതിയോടെയാണ് SFI നോക്കി കാണുന്നത്. നിലവിലെ തർക്ക ഭൂമിയിൽ ആണ് ടവർ സ്ഥാപിച്ചിരിക്കുന്നത് എങ്കിലും ഇതിലെ ഹൈ റേഡിയോ വേവ് അല്ലെങ്കിൽ മൈക്രോ വേവിന് നമ്മുടെ ക്യാമ്പസിനെ മൊത്തം നശിപ്പിയ്ക്കാൻ പോന്ന പ്രാപ്തി ഉണ്ടോ എന്നതിൽ SFI SCT UNIT ആശങ്കയോടെ ആണ് കാണുന്നത്. ഇത്തരത്തിൽ ടവർ പ്രവർത്തനം ആരംഭിച്ചാൽ 2000-ൽ അധികം വിദ്യാർത്ഥികളെയും അധ്യാപകരെയും ഓരോ ജീവ-ജന്തുജാലകങ്ങളേയും ആരോഗ്യപരമായി ഇത് വളരെ മോശമായ രീതിയിൽ ബാധിക്കും. വിദ്യാർത്ഥികളുടെ സംരക്ഷണം പ്രിൻസിപ്പാളിന്റെയും കോളേജിന്റെയും കടമയായിരിക്കവെ വിദഗ്ത സമിതിയെ നിയമിച്ച് ഇതിലെ ശാസ്ത്രീയ വശങ്ങൾ പഠിച്ച് ക്യാമ്പസിന് വിപത്താണെങ്കിൽ ഇത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് SFI SCT UNIT ശക്തമായി പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടു. SCT എന്ന നമ്മുടെ സ്വർഗ്ഗത്തെ നശിപ്പിക്കുന്ന ഏത് തീരുമാനത്തെയും SFI ശക്തമായി എതിർക്കുന്നതാണ്. ഓഗസ്റ്റ് 5 റെഗുലർ ക്ലാസുകൾ തുടങ്ങാൻ ഇരിക്കുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധിയെ മറികടക്കാൻ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും സ്വീകരിച്ചില്ലെങ്കിൽ ക്ലാസുകൾ തുടങ്ങുന്ന ദിവസം ക്യാമ്പസിലെ മുഴുവൻ ക്ലാസുകളും അടച്ചിട്ട് SFI SCT UNIT വിദ്യാർത്ഥി പ്രതിരോധം തീർക്കുമെന്നും, ഈ പ്രതികൂല സാഹചര്യം തരണം ചെയ്യാൻ കോളേജ് അധിക്യതർക്ക് കഴിയാത്തപക്ഷം വിദ്യാർത്ഥികളുടെ സംരക്ഷണം ഉറപ്പു വരുത്തി ക്യാമ്പസ് അനശ്ചിതകാലത്തേയ്ക്ക് അടച്ചിടുന്ന രീതിയിലുള്ള പ്രക്ഷോഭ പരിപാടിയുമായി SFI SCT UNIT മുൻപോട്ട് പോകുമെന്നും അറിയിച്ചു.

അതെ സമയം എസ്.എഫ്.ഐയുടെ ഫേസ്ബുക്ക് കുറിപ്പിനെതിരെ വ്യാപകമായ വിമര്‍ശനവും സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ടവറില്‍ നിന്നും ആരോഗ്യത്തിന് ഹാനികരമായ തോതില്‍ റേഡിയേഷന്‍ വരുന്നു എന്ന് ഇത് വരെ ശാസ്ത്രീയമായി കണ്ടെത്താത്ത സാഹചര്യത്തില്‍ റേഡിയേഷന്‍ ഭീതി പറഞ്ഞ് മൊബൈല്‍ ടവറിനെതിരെ രംഗത്തുവരുന്നത് അപഹാസ്യമാണെന്ന് നിരവധി പേര്‍ പ്രതികരിച്ചു.