LiveTV

Live

Kerala

മേലുദ്യോഗസ്ഥര്‍ നഗ്നനാക്കി മര്‍ദിച്ചു; പൊലീസുകാരന്‍റെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം

ഇതില്‍ മനം നൊന്താണ് കുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.

മേലുദ്യോഗസ്ഥര്‍ നഗ്നനാക്കി മര്‍ദിച്ചു; പൊലീസുകാരന്‍റെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം

പാലക്കാട് കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ മരണം ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന് കുടുംബം. രണ്ട് ദിവസം മുന്‍പാണ് ആദിവാസി വിഭാഗത്തില്‍ പെട്ട അട്ടപ്പാടി അഗളി സ്വദേശി കുമാറിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്.ഐയും രണ്ട് എ.എസ്.ഐമാരും ചേര്‍ന്ന് കുമാറിനെ നഗ്നനാക്കി മര്‍ദിച്ചെന്നും ഭാര്യ പറഞ്ഞു.

25ആം തിയ്യതി രാത്രിയിലാണ് ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപത്തുളള ട്രാക്കില്‍ മരിച്ച നിലയില്‍ സിവില്‍ പൊലീസ് ഓഫീസറായ കുമാറിനെ കണ്ടെത്തിയത്. എ.ആര്‍ ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ പീഡനം മൂലം കുമാര്‍ ആത്മഹത്യ ചെയുകയായിരുന്നുവെന്ന് കുമാറിന്‍റെ ഭാര്യ സജിനി പറഞ്ഞു.

വിശ്രമമില്ലാതെ കുമാറിനെ പ്രയാസപ്പെടുത്തിയിരുന്നതായും ആരോപണം ഉണ്ട്. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ എ.ആര്‍ ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. സംഭവം വാര്‍ത്തയായതോടെ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കുമാറിന്‍റെ ബന്ധുക്കളുടെ മൊഴി എടുത്തു. കുമാറിന്‍റെ മരണം സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും വലിയ അമര്‍ഷമാണ് ഉള്ളത്.