LiveTV

Live

Kerala

കൊയിലാണ്ടിയിലെ അനധികൃത ഫാമിനെതിരെ പ്രതിഷേധവുമായി പരിസരവാസികള്‍

ഗരസഭ അധികൃതര്‍ സ്റ്റോപ് മെമ്മോ നല്കിയിട്ടും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഫാമിന്റെ നടത്തിപ്പുകാര്‍ തയ്യാറായിട്ടില്ല.

 കൊയിലാണ്ടിയിലെ അനധികൃത ഫാമിനെതിരെ പ്രതിഷേധവുമായി പരിസരവാസികള്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാമിനെതിരെ പ്രതിഷേധവുമായി പരിസരവാസികള്‍. നഗരസഭ അധികൃതര്‍ സ്റ്റോപ് മെമ്മോ നല്കിയിട്ടും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഫാമിന്റെ നടത്തിപ്പുകാര്‍ തയ്യാറായിട്ടില്ല. മലമ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ശാസ്ത്രീയമായ യാതൊരു കാര്യങ്ങളും ചെയ്യാതെയാണ് ഫാമിന്റെ പ്രവര്‍ത്തനം.

കൊയിലാണ്ടി കാവും വട്ടം മുസ്ലീം യു.പി സ്കൂളിന് സമീപമാണ് ഫാം പ്രവര്‍ത്തിക്കുന്നത്. പന്ത്രണ്ടിലധികം പശുക്കള്‍ ഈ ഫാമിലുണ്ട്. ചാണകവും മൂത്രവും ശാസ്ത്രീയമായി സംസ്കരിക്കാതെ തൊട്ടടുത്തുള്ള പറമ്പിലേക്കും വയലിലേക്കും ഒഴുക്കി വിടുകയാണ്. ഇതോടെയാണ് പരിസരവാസികള്‍ നഗരസഭയെ സമീപിച്ചത്. തുടര്‍ന്ന് രേഖകളില്ലാതെയാണ് ഫാം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയ നഗരസഭ ഫാം അടച്ചുപൂട്ടാന്‍ നോട്ടീസ് നല്കി. പക്ഷേ അതും ഫാം നടത്തിപ്പുകാര്‍ കണ്ട മട്ടില്ല.

മലമ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അശാസ്ത്രീയമായ ഫാം നടത്തിപ്പ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമോ എന്ന ആശങ്കയും പരിസരവാസികള്‍ക്കുണ്ട്. ഇതിനെ കുറിച്ചന്വേഷിച്ചപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ഫാമിലുണ്ടായിരുന്നവരുടെ പ്രതികരണം