LiveTV

Live

Kerala

കട്ടച്ചിറ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചു

ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പൊലീസ് സുരക്ഷയില്‍ പള്ളിയില്‍ കയറി

കട്ടച്ചിറ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചു

സഭാതർക്കത്തെ തുടർന്ന് മാസങ്ങളായി അടഞ്ഞുകിടന്ന കായംകുളം കട്ടച്ചിറ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടം ഇടപെട്ടാണ് ഓർത്തഡോക്സ് വിഭാഗത്തിന് പ്രവേശനം ഉറപ്പാക്കിയത്. യാക്കോബായ വിഭാഗം പ്രതിഷേധിച്ചതിനെ തുടർന്ന് നേരിയ സംഘർഷമുണ്ടായി.

11 മാസമായി അടഞ്ഞുകിടന്ന പള്ളിയിലാണ് ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ആവശ്യം അംഗീകരിച്ചാണ് പള്ളിയിൽ പ്രവേശിക്കാൻ ജില്ലാ ഭരണകൂടം സുരക്ഷ ഒരുക്കിയത്. സഭാതർക്കം കാരണം അടിച്ചിട്ടിരുന്ന പള്ളിയുടെ താക്കോൽ ജില്ലാഭരണൂടത്തിന്‍റെ പക്കലായിരുന്നു. ഇത് ഓർത്തഡോക്സ് വിഭാഗം വൈദികർക്ക് സബ് കലക്ടർ കൈമാറി. പൊലീസ് സഹായത്തോടെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു.

എന്നാൽ തങ്ങളുടെ പ്രാർത്ഥനാ സ്വാതന്ത്ര്യം നിഷേധിച്ചാണ് ഓർത്തഡോക്സ് വിഭാഗത്തിന് പ്രവേശനം നൽകിയതെന്ന് ആരോപിച്ച് യാക്കോബായ വിഭാഗം പള്ളിക്ക് പുറത്ത് പ്രതിഷേധിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് ഇടപെട്ട് തടഞ്ഞതിനെ തുടർന്ന് പൊലീസും യാക്കോബായ വിഭാഗവും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി.

ശവസംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ യാക്കോബായ വിഭാഗത്തിന് കൂടി അനുമതി നൽകണമെന്നാണ് ജില്ലാ ഭരണകൂടം ഓർത്തഡോക്സ് വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തോട് ഓർത്തഡോക്സ് വിഭാഗം അനുകൂലമായി പ്രതികരിച്ചിട്ടില്ല. പ്രശ്നസാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്