LiveTV

Live

Kerala

പാലക്കാട് കോളേജിലെ കലോത്സവ ട്രോഫികൾ എസ്.എഫ്.ഐ നേതാക്കൾ വീടുകളിലേക്ക് കൊണ്ടുപോയതായി പരാതി

കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിയാഞ്ഞത് മൂലം കോളേജിൽ സൂക്ഷിച്ചിരുന്ന ആയിരത്തിലധികം ട്രോഫികളാണ് എസ്.എഫ്.ഐക്കാർ കൊണ്ടുപോയത് 

പാലക്കാട് കോളേജിലെ കലോത്സവ ട്രോഫികൾ എസ്.എഫ്.ഐ നേതാക്കൾ വീടുകളിലേക്ക് കൊണ്ടുപോയതായി പരാതി

പാലക്കാട് സർക്കാർ പോളിടെക്നിക്ക് കോളേജിൽ സൂക്ഷിച്ചിരുന്ന ഇന്റർ പോളി കലോത്സവ ട്രോഫികൾ എസ്.എഫ്.ഐ നേതാക്കൾ വീടുകളിലേക്ക് കൊണ്ടുപോയതായി പരാതി. കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിയാഞ്ഞത് മൂലം കോളേജിൽ സൂക്ഷിച്ചിരുന്ന ആയിരത്തിലധികം ട്രോഫികളാണ് എസ്.എഫ്.ഐക്കാർ കൊണ്ടുപോയത്. ഇതിന് ലക്ഷങ്ങൾ വില വരുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.

2018 മാർച്ച് മാസത്തിലാണ് സംസ്ഥാന ഇന്റർ പോളി കലോത്സവം പാലക്കാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ വെച്ച് നടന്നത്. കലോത്സവത്തിനിടക്ക് എസ്.എഫ്.ഐ നേതൃത്വം നൽകുന്ന സംഘാടക സമിതിയും എസ്.എഫ്.ഐ ഇന്റർകോളേജ് യൂണിയനും തമ്മിൽ സംഘർഷമുണ്ടാവുകയും കലോത്സവം അലങ്കോലപ്പെടുകയും ചെയ്തിരുന്നു. മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ട്രോഫിയോ സർട്ടിഫിക്കറ്റോ വിതരണം ചെയ്യുക പോലും അന്ന് ചെയ്തിരുന്നില്ല. വിതരണത്തിനായി വാങ്ങിയ 1500 ഓളം ട്രോഫികൾ ക്യാമ്പസിൽ സൂക്ഷിക്കുകയും ചെയ്തു. എന്നാൽ ഈ ട്രോഫികളിലെ ഭൂരിഭാഗവും എസ്.എഫ്.ഐ ജില്ലാ ഭാരവാഹികൾ കോളേജിൽ നിന്നും കടത്തിക്കൊണ്ടു പോയതായാണ് പരാതി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യത്തത് കുട്ടികൾക്ക് ലഭിക്കേണ്ട ഗ്രേയ്സ് മാർക്കിനെയും ബാധിക്കും. എന്നാൽ കോളേജ് അധികൃതർ പറഞ്ഞിട്ടാണ് ട്രോഫികൾ സംഘാടകരുടെ വീടുകളിലേക്ക് മാറ്റിയതെന്ന് എസ്.എഫ്.ഐ നേതാക്കൾ പറയുന്നു. പഴയ ഇന്റർപോളി യൂണിയന്റെ കാലാവധി അവസാനിച്ചതിനാൽ ഇനി വിദ്യാര്‍ത്ഥികൾക്ക് ഇവ ലഭിക്കുമോ എന്ന് സംശയമാണ്. സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ട്രോഫികളാണ് ഇതുവരെ വിതരണം ചെയ്യാത്തത്.