LiveTV

Live

Kerala

കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം

ഇതേ തുടര്‍ന്ന് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് എജിനിയറിങ് ഈ മാസം 31 വരെ പൂട്ടി.

 കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം

കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. ബി-ടെക് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് എജിനിയറിങ് ഈ മാസം 31 വരെ പൂട്ടി.

ബി-ടെക് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സഹാറ ഹോസ്റ്റലിന്റെ കമ്മറ്റി തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ പരാജയപ്പെട്ടിരുന്നു. സംയുക്തമുന്നണിയാണ് മുഴുവന്‍ സീറ്റിലും വിജയച്ചിത്. ഇന്നലെ വൈകീട്ടോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ക്യാമ്പസിന് പുറത്ത് ചായ കുടിക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായാണ് പരാതി.

സംഭവത്തില്‍ ആരോപണ വിധേയരായ എസ്.എഫ്.ഐ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ്, കെ..എസ്.യു പ്രവര്‍ത്തകര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊലീസ് മാര്‍ച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സംഭവത്തില്‍ പരിക്ക് പറ്റിയ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്നവര്‍ ഉള്‍പ്പെടെ 15 ഓളം പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതായി കളമശ്ശേരി പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് സ്കൂള്‍ ഓഫ് എജിനിയറിങ് ഈ മാസം 31 വരെ അടിച്ചിടുന്നതായും സഹാറ, സാഖര്‍, സ്വരാജ് എന്നീ ഹോസ്റ്റലുകളും പൂട്ടിയതായി അധികൃതര്‍ അറിയിച്ചു.