LiveTV

Live

Kerala

ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ബലാത്സംഗകേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കന്യാസ്ത്രീകള്‍  

വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനും ശ്രമം നടക്കുന്നുവെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു.

ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ബലാത്സംഗകേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കന്യാസ്ത്രീകള്‍  

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗകേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി കന്യാസ്ത്രീകൾ. ഫോറൻസിക് ലാബിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ പറഞ്ഞു. പൊലീസ് സമര്‍പ്പിച്ച ഫ്രാങ്കോയുടെ ശബ്ദരേഖ അടക്കമുള്ള നിർണായക തെളിവുകൾ അപൂർണ്ണമാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഇത് ഫ്രാങ്കോ ഇടപെട്ട് നടത്തിയ അട്ടിമറിയാണെന്നാണ് ആരോപണം.

കോടതി നടപടികൾ നീണ്ടുപോകുന്നതിനെ കുറിച്ച് വാദിഭാഗം അന്വേഷിച്ചപ്പോഴാണ് തെളിവുകൾ അപൂർണമാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബ് കോടതിക്ക് നൽകിയ ഡി.വി.ഡി അല്ല പോലീസിന് നൽകിയത്. പൊലീസിന് നൽകിയ ഡി.വി.ഡി യിൽ ഒരു ഫോൾഡർ കുറവാണ്. ഫ്രാങ്കോയുടെ ശബ്ദരേഖ അടക്കമുള്ള ഈ ഫോൾഡർ പൊലീസിന് നൽകാതിരുന്നത് കേസ് അട്ടിമറിക്കാൻ നടത്തിയ നീക്കമാണെന്നാണ് കന്യാസ്ത്രീകൾ പറയുന്നത്.

കന്യാസ്ത്രീകൾ നൽകിയ അപേക്ഷ പ്രകാരം കോടതി നടത്തിയ പരിശോധനയിൽ ഇക്കാര്യം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. മുഴുവൻ തെളിവുകളും അടങ്ങിയ പുതിയ ഡി.വി.ഡി നൽകാൻ കോടതി ഉത്തരവിട്ടു. കേസിൽ വിചാരണ തുടങ്ങാൻ വൈകുന്നതിൽ കന്യാസ്ത്രീകൾ സംശയവും പ്രകടിപ്പിച്ചു. പാല മജിസ്ട്രേറ്റ് കോടതി കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള നീക്കം വിവാദമായിരുന്നു.