LiveTV

Live

Kerala

അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയത് അഖിലെന്ന് സഹോദരന്‍

ഇന്ന് അറസ്റ്റിലായ രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലാണ് പൊലീസിന് മൊഴി നല്‍കിയത്.

അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയത് അഖിലെന്ന് സഹോദരന്‍

തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയത് കേസിലെ മുഖ്യപ്രതി അഖിലാണെന്ന് മൊഴി. ഇന്ന് അറസ്റ്റിലായ രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലാണ് പൊലീസിന് മൊഴി നല്‍കിയത്. പ്രതികള്‍ ഉപയോഗിച്ച കാര്‍ തമിഴ്നാട്ടിലെ തൃപ്പരപ്പില്‍ നിന്ന് പൊലീസ് കണ്ടെത്തി.

അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രാഹുലിനെ തിരുവനന്തപുരത്ത് നിന്നാണ് ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം പ്രതിയുമായി കൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തുന്നതിന് വേണ്ടി നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ തൃപ്പരപ്പിലെത്തി. മേക്കാട്ടുവിളൈ എന്ന സ്ഥലത്തു നിന്ന് തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനം കണ്ടെത്തി. ഒന്നാം പ്രതി അഖിലിന്റെ സുഹൃത്ത് രതീഷിന്റെ വാഹനമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. അമ്പലത്തില്‍ കൊണ്ടു പോകാന്‍ വേണ്ടിയാണ് വാഹനം കൊണ്ടുപോകുന്നതെന്നാണ് പ്രതികള്‍ പറഞ്ഞതെന്ന് രതീഷിന്റെ അമ്മ രാജകുമാരി പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ നിന്നാണ് യുവതിയെ കയറ്റിയത്. തുടര്‍ന്ന് ഈ വാഹനത്തില്‍ വെച്ച് താനാണ് ആദ്യം കഴുത്ത് ഞെരിച്ചതെന്ന് രാഹുല്‍ മൊഴി നല്‍കി. യുവതി മരിക്കാത്തതിനെ തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന കയറുപയോഗിച്ച് ഒന്നാം പ്രതി അഖില്‍ കൊലപ്പെടുത്തി. ഒന്നാം പ്രതി അഖിലിനെ കണ്ടെത്തുന്നതിനായി പൊഴിയൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഡല്‍‌ഹിയില്‍ ക്യാമ്പ് ചെയ്യുകയാണ്.