LiveTV

Live

Kerala

അമ്പൂരി കൊലപാതകം: മുഖ്യപ്രതി അഖില്‍ കുറ്റം സമ്മതിച്ചു 

ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയാണ് കീഴടങ്ങിയത്. തിരുവനന്തപുരത്ത് എത്തുന്ന കാര്യം അഖില്‍ പൊലീസിനെ വിളിച്ച് അറിയിച്ചിരുന്നു. അഖിലിന്റെ സഹോദരന്‍ രാഹുലും അറസ്റ്റിലായിട്ടുണ്ട്.

അമ്പൂരി കൊലപാതകം: മുഖ്യപ്രതി അഖില്‍ കുറ്റം സമ്മതിച്ചു 

തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അഖില്‍ കുറ്റം സമ്മതിച്ചു. അമ്പൂരിയിലെ വീട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അഖിലിന്‍റെ കുറ്റസമ്മതം. കീഴടങ്ങുകയാണെന്ന് പൊലീസിനെ അറിയിച്ചശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നെയ്യാറ്റിൻകര ഡി.വൈ.എസ്.പി നടത്തിയ ചോദ്യം ചെയ്യലിലാണ് അഖിൽ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. വിവാഹം സംബന്ധിച്ച വാക്കുതര്‍ക്കത്തിനൊടുവില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അഖിലിന്റെ കുറ്റസമ്മതം. സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും കൊലപാതകത്തിന് സഹായിച്ചുവെന്നും അഖില്‍ പൊലീസിന് മൊഴി നല്‍കി. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അഖില്‍ പിടിയിലായത്.

ഡല്‍ഹിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഖില്‍ തിരുവനന്തപുരത്തേക്ക് എത്തുന്നുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നു. രണ്ടാംപ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുല്‍ മലയിന്‍കീഴില്‍ നിന്ന് പിടിയിലായതോടെയാണ് അഖിലിന് കീഴടങ്ങാന്‍ സമ്മര്‍ദ്ദമേറിയത്. താനും അഖിലും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയതായി രാഹുലും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കൊല്ലാനായി തന്നെയാണ് യുവതിയെ നെയ്യാറ്റിന്‍കരയില്‍ നിന്ന് കാറില്‍ കയറ്റിയത്. കാറില്‍ വച്ച് തര്‍ക്കമുണ്ടായപ്പോള്‍ അഖില്‍ യുവതിയെ കഴുത്ത് ഞെരിച്ച് ബോധംകെടുത്തി.

വീട്ടിലെത്തിച്ച് കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കിയെന്നും രാഹുല്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ മൃതദേഹം മറവുചെയ്യാനുള്ള കുഴിയെടുക്കാന്‍ പ്രതികള്‍ക്കൊപ്പം അച്ഛനും ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളടക്കം വെളിപ്പെടുത്തിയതോടെ ആസൂത്രണത്തില്‍ അച്ഛനും പങ്കുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പ്രതികളെ പ്രത്യേക അപേക്ഷ കൊടുത്ത് കസ്റ്റഡിയിൽ വാങ്ങി അമ്പൂരിയിലെ കൊല നടന്ന വീട്ടിലെത്തിച്ച തെളിവെടുപ്പ് നടത്താനാണ് പോലീസ് ശ്രമം.